1

തൃശൂർ: ആദിവാസി മേഖലകളിലെ ഊരുനിവാസികളുടെ ആവശ്യം കണ്ടറിഞ്ഞ് ഇടപെടാൻ നിയോഗിക്കപ്പെട്ട പ്രമോട്ടർമാരുടെ ദുരിതം കാണാനാളില്ല. തുച്ഛമായ ഓണറേറിയം പോലും സമയത്തിന് ലഭിക്കുന്നില്ല. വന്യമൃഗങ്ങളുടെ ഭീഷണി തരണം ചെയ്ത് വേണം, ഊരുകളിലെത്താനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം നൽകാനും.

പലയിടത്തും പുലി, കടുവ, ആന എന്നിവയുടെ നിരന്തര ആക്രമണമുണ്ട്. രാത്രിയിൽ പോലും ഊരിലെത്തേണ്ട സാഹചര്യവുമുണ്ടാകും. ഓരോ പ്രൊമോട്ടർമാർക്കും പലയിടത്തായി ചിതറിക്കിടക്കുന്ന വീടുകളാണ് നോക്കാനുള്ളത്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടും വന്യജീവി ആക്രമണം നേരിടുമ്പോൾ ലഭിക്കേണ്ട സഹായവുമായി ബന്ധപ്പെട്ടാണ് ഇടപെടലുകലിൽ കൂടുതലും.

മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചികിത്സ തേടിയെത്തുന്നവർക്കുള്ള ആനുകൂല്യങ്ങൾക്കായും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനായും പ്രവർത്തിക്കുന്നത് ട്രൈബൽ പ്രമോട്ടർമാരാണ്.


കിട്ടുന്നത് വെറും 13,500


മാസത്തിലെ എല്ലാ ദിവസവും ജോലി ചെയ്യണമെങ്കിലും 13,500 രൂപ മാത്രമാണ് ഓണറേറിയം. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകളിലാണ് കൂടുതൽ പ്രമോട്ടർമാർ. ബാക്കിയുള്ള സ്ഥലങ്ങളിൽ നാൽപ്പതിനും അറുപതിനും ഇടയിലാണ്. ഇവിടേക്ക് എത്തിപ്പെടാനുള്ള യാത്രാച്ചെലവ് പോലും ലഭിക്കാറില്ലത്രെ. ഒരു ദിവസം അവധിയെടുത്താൽ ഓണറേറിയത്തിൽ നിന്ന് 500 രൂപ കുറച്ച് ബാക്കിയേ നൽകൂ. എന്നിട്ടും ഈ തുക പോലും കൃത്യമായി നൽകുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞമാസത്തെ ഓണറേറിയം മാസാവസാനമായിട്ടും ലഭിച്ചിട്ടില്ല. പ്രതിമാസം 21,000 രൂപയെങ്കിലുമായി ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ഇത്തരം ആവശ്യങ്ങളുമായി ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് പോകുന്നവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതായും ആക്ഷേപമുണ്ട്.


തൃശൂരിൽ 40 പേർ

വിവിധ കേന്ദ്രങ്ങളിലായി നാൽപ്പതോളം പ്രമോട്ടർമാരാണുള്ളത്. ഇതിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് - 1, നെഞ്ചുരോഗാശുപത്രി - 4, ജില്ലാ ജനറൽ ആശുപത്രി - 1, ചാലക്കുടി താലൂക്ക് ആശുപത്രി - 1 എന്നിങ്ങനെയും ബാക്കിയുള്ളവരെ ഊരിലുമാണ് നിയോഗിച്ചിട്ടുള്ളത്. അതേസമയം പല പ്രമോട്ടർമാരെയും ഓഫീസിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായും പരാതിയുണ്ട്.