പാവറട്ടി : ജനങ്ങളുടെ നന്മയ്ക്കും നീതിക്കുമായി 84 വയസായിട്ടും കെ.ആർ.ജോർജ് മാഷ് പോരാട്ട സമരത്തിലാണ്. 1996ൽ തൃശൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും അദ്ധ്യാപകനായി വിരമിച്ച ജോർജ് മാഷ് റോഡുകളുടെ ശോചനീയാവസ്ഥ, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ ജനകീയ വിഷയങ്ങൾക്കെല്ലാമായി ഒറ്റയാൾ സമരം നടത്തുന്നു. പറപ്പൂർ റോസവധം അന്വേഷണം ആവശ്യപ്പെട്ട് 24 മണിക്കൂർ നിരാഹാരം കിടന്നിട്ടുണ്ട്. കണ്ടശ്ശാംകടവ് പാലം അപകടത്തിലായപ്പോഴും കാഞ്ഞാണി പെരുമ്പുഴ പാലം അപകടത്തിലായപ്പോഴും പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് സമരം ചെയ്തു. പെരുമ്പുഴ പാലത്തിന്റെ കൾവെർട്ട് അപകട ഭീഷണി ആയപ്പോൾ സമരം ചെയ്തിരുന്നു. 'അരുതേ ആത്മഹത്യ'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. വെങ്കിടങ്ങ് സെന്ററിലെ സീബ്രാലൈൻ മാഞ്ഞപ്പോൾ റോഡിൽ ഇരുന്ന് സീബ്രാലൈൻ വരച്ചു. 18 വർഷത്തിലധിമായി സാക്ഷരതാ മിഷൻ പത്താം ക്ലാസ് തുല്യത എടുത്തു വരുന്നുണ്ട്. 'കേരള കാഹളം' എന്ന പേരിൽ 22 വർഷമായി ഒരു പത്രവും മാഷ് നടത്തുന്നു. തൊയക്കാവ് കെ.എൽ.റാഫേലിന്റേയും റോസയുടെയും മകനായി ജനിച്ച ജോർജ്ജ് മാഷ് തനിക്ക് പറ്റാവുന്ന അത്രയും സമയം ജനനന്മയ്ക്കായി സമരം ചെയ്ത് നീതി ഉറപ്പിച്ച് അവരുടെ ജീവിതം സഫലമാക്കി കൊടുക്കുക എന്ന ലക്ഷ്യവുമായി സഞ്ചരിക്കുകയാണ്.