വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ ആര്യംപാടം രാജഗിരി എൽ.പി. സ്‌കൂളിന് സമീപം നിയന്ത്രണംവിട്ട മിനി ടാങ്കർ
കാറിലിടിച്ച് 8 പേർക്ക് പരിക്ക്. മിനി ടാങ്കർ തലകീഴായി മറിഞ്ഞു. ഡ്രൈവർ രതീഷ് (44), ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവില്വാമല സ്വദേശികളായ മുരളീകൃഷ്ണൻ (37), സീത (67) , അശ്വിനി (30) , ശ്രീധരൻ(32), ആര്യശ്രീ (6),ആവണി (6), അതുദ്ര (10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുളങ്കുന്നത്തുകാവ് ഗവ. മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ഓടെ യാണ് അപകടം. ശുചിമുറി മാലിന്യം നീക്കം ചെയ്യുന്ന മിനി ടാങ്കർ ആര്യം പാടത്ത് നിന്ന് വേലൂരിലേക്ക് പോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് എതിർ ദിശയിൽ വരികയായിരുന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് കുറാഞ്ചേരി-കേച്ചേരി പാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ട്രെയിൻ എത്തിച്ചാണ് മറിഞ്ഞ ലോറി മാറ്റിയത്. റോഡിൽ പരന്ന ഓയിൽ വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.