1

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടതിനെ പറ്റിയുള്ള അന്വേഷണം പൂർത്തിയാക്കി സമിതി, അടുത്തയാഴ്ച കെ.പി.സി.സി പ്രസിഡന്റിന് റിപ്പോർട്ട് കൈമാറും.

തൃശൂരിൽ കെ.മുരളീധരൻ പരാജയപ്പെട്ടതിനെ പറ്റിയുള്ള അന്വേഷണ റിപ്പോർട്ടും ഇക്കൂട്ടത്തിലുണ്ടാകും. രണ്ട് മണ്ഡലങ്ങളെയും പറ്റിയുള്ള പ്രത്യേകം റിപ്പോർട്ടുകളാകും കൈമാറുക. സീനിയർ നേതാക്കൾ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ എന്നിവരിൽ നിന്നുമാണ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദിക്ക് എം.എൽ.എ, ആർ.ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതി തെളിവെടുത്തത്. പരാതികൾ വിശദമായി രേഖപ്പെടുത്തിയ കമ്മിറ്റി ഒരാഴ്ചയ്ക്കകം അവ വിലയിരുത്തും. തുടർന്ന് ചർച്ച നടത്തി കമ്മിറ്റിയുടെ കണ്ടെത്തൽ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകുക. തൃശൂരിലെ തോൽവിയെ പറ്റി മൂന്ന് തവണയായാണ് സമിതി തെളിവെടുത്തത്. ആലത്തൂരിൽ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ തെളിവെടുപ്പ് രാത്രി എട്ട് വരെ നീണ്ടു. പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, രമ്യ ഹരിദാസ്, മുൻ എം.എൽ.എമാരായ കെ.എ.ചന്ദ്രൻ, കെ.അച്യുതൻ, മുൻ എം.പി വി.എസ്.വിജയരാഘൻ തുടങ്ങിയവർ മൊഴി നൽകി.

സംഘടനാ ദൗർബല്യം വിനയായെന്ന്

അടിത്തട്ടിലുള്ള സംഘടനാ ദൗർബല്യമാണ് ആലത്തൂരിലെ തോൽവിക്ക് കാരണമെന്ന് നേതാക്കൾ മൊഴി നൽകിയതായാണ് വിവരം. വേണ്ടത്ര മുന്നൊരുക്കവും നടത്തിയില്ല. ചില നേതാക്കളുടെ തമ്മിലടിയും പരാജയത്തിനിടയാക്കി. രമ്യ ഹരിദാസിന് അനുകൂലമായും പ്രതികൂലമായും പലരും മൊഴി കൊടുത്തത്രേ. ചേലക്കരയിൽ നിന്നുള്ളവർ രമ്യയെ അനുകൂലിച്ചപ്പോൾ പാലക്കാട്ടെ പലരും കുറ്റപ്പെടുത്തി. ഏതാനും ചിലരുടെ താത്പര്യത്തിനൊത്താണ് രമ്യ ഹരിദാസ് പ്രവർത്തിച്ചതെന്നും സീനിയർ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ലഭിച്ചില്ലെന്നും നേരത്തേ പരാതിയുണ്ടായിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം സ്ഥാനാർത്ഥിക്കാണെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ തുറന്നടിച്ചത് വിവാദമായിരുന്നു.