ചാലക്കുടി: നിലംപതിക്കാറായ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ബലക്ഷയം പരിശോധന ആരംഭിച്ചു. മൂന്ന് പതിറ്റാണ്ട് പഴമുള്ള കെട്ടിടത്തിന്റെ സ്ട്രക്ച്ചർ സ്‌റ്റെബിലിറ്റിയാണ് തൃശൂരിലെ എൻജിനീയറിംഗ് കോളേജ് വിഭാഗം പരിശോധിക്കുന്നത്. പില്ലറുകൾ, ചുവര്, സീലിംഗ് എന്നിവയുടെ കേടുപാടുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. വാർക്കയുടെ ഇരുമ്പുകൾ ദ്രവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളത്തെ ഏജൻസി കെട്ടിടം ബലപ്പെടുത്തൽ പ്രവർത്തികൾ നടത്തും. എല്ലാ ഭാഗവും പരിശോധിച്ച ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കും. തുടർന്ന് കൗൺസിൽ അംഗീകരിച്ച ശേഷം പ്രവൃത്തികൾ ആരംഭിക്കും.
കോൺഗ്രീറ്റ് ഭാഗങ്ങൾ ഇടിയുന്നു
കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിന് അകത്തും പുറത്തുമായി കോൺഗ്രീറ്റ് ഭാഗങ്ങൾ ഇടിഞ്ഞു വീണിരുന്നു. ഇഷ്ടികകളും കച്ചവടക്കാർ പ്രത്യേകമായി ഇട്ട ഷീറ്റുകളുമാണ് നിലം പതിച്ചത്. അപകട സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പാരപ്പറ്റിൽ ആൽമരത്തൈകൾ വളരുന്നതും കെട്ടിടത്തിന് ഭീഷണിയാകുന്നുണ്ട്.