1

അന്തിക്കാട്: ഒരിടവേളയ്ക്കു ശേഷം പുത്തൻപീടിക- അന്തിക്കാട് റൂട്ടിൽ റോഡ് തകർന്നു കുണ്ടും കുഴിയും രൂപപ്പെട്ടു. മഞ്ഞപ്പിത്തം ബസ് സ്റ്റോപ്പിനും പുത്തൻപീടിക സെന്ററിനും ഇടയിലായി അപകടകരമായ രണ്ട് കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. അന്തിക്കാട് മേനോൻ ഷെഡിന് സമീപം പി.എൻ.വൈ സഭയുടെ മുന്നിലായും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ മൂന്നിടങ്ങളിലും കുഴി ഒഴിവാക്കാനായി വാഹനങ്ങൾ എതിർഭാഗത്തേക്ക് കയറ്റിയെടുത്താണ് പോകുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. വലിയ വാഹനങ്ങൾ കുഴി ഒഴിവാക്കാൻ എതിർദിശയിലേക്ക് ചേർത്തെടുക്കുമ്പോൾ ഇരുചക്ര വാഹന യാത്രക്കാരാണ് ശരിക്കും അപകടത്തിൽപ്പെടുന്നത്. മഴവെള്ളം കെട്ടി നിൽക്കുന്നതിനാൽ ഒറ്റ നോട്ടത്തിൽ കുഴിയുടെ ആഴം യാത്രക്കാർക്ക് മനസിലാകില്ല. എതിർദിശയിൽ വാഹനങ്ങൾ വരികയും ചേർത്തെടുക്കാൻ പറ്റാതെ വരികയും ചെയ്യുമ്പോഴാണ് ഇരുചക്ര വാഹനയാത്രക്കാർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത്

ഓർമ്മിപ്പിക്കുന്നത് മുമ്പത്തെ അവസ്ഥ
മാസങ്ങൾക്ക് മുമ്പ് അന്തിക്കാട് മുതൽ പെരിങ്ങോട്ടുകര വരെയുള്ള റോഡ് വലിയ രീതിയിൽ തകർന്ന് കിടപ്പായിരുന്നു. നിരവധി പ്രതിഷേധങ്ങൾക്കും പ്രതിബന്ധങ്ങൾക്കും ഒടുവിലാണ് ഈ റോഡ് യാത്രാസജ്ജമാക്കിയത്. പഴയ ദുരിതകാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ റോഡിന്റെ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടതോടെ ഏറെ ദുഷ്‌കരമായി തീരുകയാണ് ഈ വഴിയുള്ള യാത്രകൾ. കുഴികൾ നികത്തി താത്കാലിക ടാറിംഗ് നടത്താൻ അധികാരികൾ തയ്യാറായില്ലെങ്കിൽ അന്തിക്കാട് മുതൽ പെരിങ്ങോട്ടുകര വരെയുള്ള പഴയ റോഡിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകും.