ഏങ്ങണ്ടിയൂർ : അഴിമുഖത്തെ മണൽത്തിട്ട നീക്കണമെന്ന് ആവശ്യപ്പെട്ട് ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പണിമുടക്കി. അഴിമുഖത്തെ മണൽതിട്ടമൂലം യാനങ്ങൾക്ക് അപകടം സംഭവിക്കുന്നതിനാൽ മണൽതിട്ട നീക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോവേണ്ട തൊഴിലാളികളാണ് പണിമുടക്കിയത്. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത യൂണിയൻ യോഗം മുന്നറിയിപ്പ് നൽകി. കൊടിയമ്പുഴ ദേവസ്വം ചെയർമാൻ പി.വി. ജനാർദ്ദനൻ യോഗം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ.എൻ. രാജൻ അദ്ധ്യക്ഷനായി. സി.. തുളസീദാസ് (ഐ.എൻ.ടി.യു.സി), കെ.കെ. പീതാംബരൻ, ശക്തിധരൻ (എ.ഐ.ടി.യു.സി), തരകൻ പ്രതിനിധി എം.ആർ. സുനി, യു.ജി. ഉണ്ണി, പി.എം. അബ്ദുൾ റസാക്ക്, പി.കെ. ജയൻ, യു.കെ. സുനി ലൈജു (ബി.എം.എസ്) എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു പ്രതിഷേധം ബഹിഷ്‌ക്കരിച്ചു.