വടക്കാഞ്ചേരി: മലിനജലം മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ വടക്കാഞ്ചേരി നഗരസഭയിൽ പാക്കേജ്ഡ് എസ്. ടി. പി ( സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) സ്ഥാപിക്കും. അതിർത്തിയിലെ ഓട്ടുപാറ, വടക്കാഞ്ചേരി ചാലിപാടം, അത്താണി, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് പരിസരം, നഗരസഭാ ഓഫീസ് എന്നിവിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു.
സംസ്ഥാന ശുചിത്വ മിഷന്റെ ഹെഡ്‌സ് (ഹെൽത്ത് എഡ്യുക്കേഷൻ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സൊസൈറ്റി) ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാനാകും. മൂന്ന് മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമാണ് ആവശ്യം. രണ്ടേ മുക്കാൽ കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 30 ലക്ഷം രൂപയാണ് ഒരു പ്ലാന്റിന് ചെലവ്. 83 ശതമാനം തുകയും ശുചിത്വമിഷൻ നൽകും. ബാക്കി നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കും. പ്ലാന്റ് സ്ഥാപിക്കുന്നതോടെ കുടിവെള്ള സ്രോതസ്സുകളടക്കം മലിനമാകുന്ന പ്രതിസന്ധി അവസാനിക്കും.


ലക്ഷ്യം ശാസ്ത്രീയ ശുദ്ധീകരണം

വിവിധ ഉറവിടങ്ങളിൽ നിന്നെത്തുന്ന മലിന ജലം ശാസ്ത്രീയ മായി ശുദ്ധീകരിച്ച് ഒഴുക്കുകയാണ് ലക്ഷ്യം. 4 പ്ലാന്റുകളിൽ പ്രതിദിനം 5000 ലിറ്ററും ചാലിപ്പാടം പ്ലാന്റിൽ 10,000 ലിറ്റർ മലിന ജലവുമാണ് ശുചീകരിക്കുന്നത്.