കൊടുങ്ങല്ലൂർ : നികുതി ഒടുക്കാൻ കഴിയാത്തതിനാൽ കോട്ടപ്പുറം വി.പി. തുരുത്തിൽ പുഴയോരത്ത് താമസിക്കുന്ന അറുപതോളം കുടുംബങ്ങൾ ഡിജിറ്റൽ റീ സർവേയ്ക്കായി കാത്തിരിക്കുന്നു. അഞ്ച് സെന്റ് മുതൽ ഒന്നര ഏക്കർ വരെ ഭൂമിയുള്ളവരാണ് ഡിജിറ്റൽ റീ സർവേ നടക്കാൻ കാത്തിരിക്കുന്നത്. പുഴ പുറമ്പോക്ക് സംബന്ധിച്ചുള്ള സംശയം നിലനിൽക്കുന്നതിനാലാണ് ആറ് വർഷമായി വില്ലേജ് അധികാരികൾ ഇവരെ നികുതി അടയ്ക്കാൻ അനുവദിക്കാത്തത്. ഇതുകൊണ്ട് ബാങ്ക് വായ്പ, മറ്റ് ജാമ്യവസ്തു, ഭൂമി സംബന്ധമായ രേഖകൾ, ക്രയവിക്രയം എന്നിവ മുടങ്ങുകയാണ്. ഭൂമി ഇടപാടുകൾക്ക് ആർ.ഒ.ആർ (റെക്കാഡ് ഒഫ് റൈറ്റ്‌സ്) സർട്ടിഫിക്കറ്റ് ബാധകമാക്കിയതോടെയാണ് മേത്തല വില്ലേജ് ഓഫീസിൽ നിന്നും ഭൂവുടമകൾക്ക് ഇത്തരത്തിലുള്ള പ്രതിബന്ധം നേരിടേണ്ടി വന്നത്.
മേത്തല വില്ലേജിനെ റീ സർവേ പരിധിയിൽപെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ജില്ലാ വികസന യോഗത്തിൽ എം.എൽ.എയോ പ്രതിനിധിയോ ഇന്നേവരെ പങ്കെടുക്കാത്തതിൽ നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, വൈസ് പ്രസിഡന്റ് വി.എം. ജോണി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സേവ്യർ പങ്കേത്ത്, ജന. സെക്രട്ടറി എൻ.വി. ആന്റപ്പൻ എന്നിവർ അറിയിച്ചു.
അപേക്ഷ മടക്കി ബാങ്കുകൾ
ഭൂമി ഈടിന്മേൽ ബാങ്കിൽ നിന്നും പണമായും വാഹനമായും ലോൺ ലഭിച്ചിരുന്നു. എന്നാൽ ഇന്ന് വി.പി തിരുത്തിൽ നിന്നുള്ള അപേക്ഷകൾ ബാങ്കുകൾ തിരസ്‌കരിക്കുകയാണ്. ഓരോ ആവശ്യവുമായി വില്ലേജ് ഓഫീസിൽ ചെല്ലുമ്പോഴാണ് വിവരം ഓരോരുത്തരും അറിയുന്നത്. കെ.രാജൻ റവന്യൂമന്ത്രിയായ ശേഷം സംസ്ഥാനത്ത് 200 ഓളം വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ നടന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡിജിറ്റൽ ഭൂ സർവേ നടത്തുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനപ്രതിനിധികളെ ഇടപെടുത്തി വി.പി. തുരുത്തിൽ ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി മാറ്റി. പിന്നീട് അറിഞ്ഞത് സർവേ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നാണ്.