thumboor
1

മാള : നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന സ്‌കൂൾ അപൂർവ ചരിത്ര മ്യൂസിയം കൂടി ഒരുക്കുന്നു. തുമ്പൂർ എസ്.എച്ച്.സി.എൽ.പി സ്‌കൂളിലാണ് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക ചരിത്ര മ്യൂസിയം ഒരുക്കുന്നത്. സ്‌കൂളിലെ പി.ടി.എയുടെയും പൂർവവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചരിത്രബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് മ്യൂസിയം തയ്യാറാക്കുന്നത്. ഇതിനായി അപൂർവ വസ്തുക്കൾ ശേഖരിച്ചു. നൂറാം വാർഷികം ആഘോഷിക്കാൻ കൂടിയ ആലോചനാ യോഗത്തിൽ പ്രധാന അദ്ധ്യാപിക സി. റോസ് ലിറ്റി, പി.ടി.എ പ്രതിനിധികളായ തമസ്യ ഗജൻ, സാലി അഭിലാഷ്, നീതു ബിനീഷ്, പി.വി. അന്നസ പ്രവീൺ, അഭി തുമ്പൂർ എന്നിവർ പങ്കെടുത്തു.

വിപുലമായ ശേഖരം
പുരാതന നാണയങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ, ധാന്യങ്ങൾ അളക്കുന്നതിന് ഉപയോഗിച്ചിരുന്ന പറ, നാഴി ഇടങ്ങഴി, ഏറെ പഴക്കമുള്ള ടൈപ്പ് റൈറ്റർ, ഗ്രാമഫോൺ, പുരാതന വിളക്കുകൾ, ഓട്ടുപാത്രങ്ങൾ, മരം കൊണ്ടുള്ള പഴയ പാത്രങ്ങൾ, അതിപുരാതന വിളക്കുകൾ എന്നിവ ശേഖരത്തിലുണ്ട്. പുരാവസ്തുക്കൾ സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കും. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം കുട്ടികൾക്കും ചരിത്ര അന്വേഷകർക്കുമായി തുറന്നുകൊടുക്കും.