akashayathra-

കേച്ചേരി: ഏറെ നാളത്തെ ആഗ്രഹമായ ആകാശ യാത്ര സഫലമാക്കി അടാട്ട് പഞ്ചായത്തിലെ നാലാം വാർഡിലെ മഹാലക്ഷ്മി കുടുംബശ്രീ അംഗങ്ങൾ. അമ്പത് വയസു മുതൽ എഴുപത്തിയഞ്ച് വയസിനിടയിൽ പ്രായമുള്ള 36 അംഗ വനിതാ കൂട്ടായ്മയാണ് വിനോദത്തിന്റെ ഭാഗമായി ബാംഗ്ലൂരിലേയ്ക്ക് വിമാന യാത്ര നടത്തിയത്. വിമാനത്തിന്റെ ചെറുരൂപം ആകാശത്തിലൂടെ പോകുന്നത് അല്ലാതെ നേരിട്ട് കാണാൻ സാഹചര്യമില്ലാത്തവരാണ് പലരുമെന്ന് അംഗങ്ങൾ പറയുന്നു.
ബാംഗ്ലൂരിലെ ലാൽബാഗ്, ഫിനിക്‌സ് മാൾ,ശിവാജി നഗർ മാർക്കറ്റ് എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷമാണ് ഇവർ മടങ്ങിയത്. വിമാനത്തിൽ പറന്നുയർന്നതും മേഘങ്ങളുടെ ഇടയിലൂടെയുള്ള യാത്രയും സഫലമായതിന്റെ ആഹ്ലാദത്തിലാണ് കുടുംബശ്രീ കൂട്ടായ്മ. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാറും ഇവരെ യാത്രഅയയ്ക്കാൻ എത്തിയിരുന്നു.

വിമാന യാത്രയ്ക്കുള്ള ചെലവ് രണ്ടുവർഷം മുൻപേ ആഴ്ചയിൽ 50 രൂപ വീതം മാറ്റിവച്ചാണ് ഇവർ സ്വരുക്കൂട്ടിയത്. തികയാത്ത പണം പലരും കുടുംബശ്രീയിൽ നിന്ന് പലിശരഹിത വായ്പയും എടുത്തിരുന്നു. വിമാന ടിക്കറ്റ്, ബാംഗ്ലൂരിലെ സന്ദർശനം, തിരിച്ചുവന്ന ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 6000 രൂപയോളം ചെലവായി.

യാത്രയ്ക്ക് അടാട്ട് സി.ഡി.എസ് നൽകിയ പിന്തുണ വലുതാണ്. കുടുംബശ്രീയുടെ പ്രവർത്തനം കൊണ്ട് മാത്രമാണ് സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്.
-മഹാലക്ഷ്മി കുടുംബശ്രീ അംഗങ്ങൾ