ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനഗരിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് സർക്കാരിന്റെ അനുമതി. ക്ഷേത്രനഗരിയുടെ വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. മാസ്റ്റർ പ്ലാൻ ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയാണ് അടുത്ത നടപടി ക്രമം. ഇതിന് ശേഷം മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലാകും.

മാസ്റ്റർ പ്ലാനിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാർശകൾ കഴിഞ്ഞ ഫെബ്രുവരിയിൽ കൗൺസിൽ അംഗീകരിച്ചിരുന്നു. തുടർന്ന് ചീഫ് ടൗൺ പ്ലാനറുടെ പരിശോധനയ്ക്കായി കൈമാറി. പരിശോധനയ്ക്ക് ശേഷം സർക്കാരിന് കൈമാറിയ പ്ലാനിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. നഗരത്തിൽ ഓരോ സ്ഥലവും എങ്ങനെ വിനിയോഗിക്കണമെന്ന വ്യക്തമായ നിർദേശം മാസ്റ്റർ പ്ലാനിലുണ്ട്. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) ഉപയോഗിച്ചാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ക്ഷേത്രത്തിന് ചുറ്റും ഇന്നർ റിംഗ് റോഡിന്റെ ഉൾഭാഗം ടെംപിൾ കോർ ഏരിയ ആയിരിക്കും. ഇവിടെ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള നിർമ്മാണം മാത്രമേ അനുവദിക്കൂ. സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇവിടെ നിർമാണാനുമതി നൽകില്ല. 18 മീറ്റർ ഉയരമുള്ള കെട്ടിടങ്ങൾക്കേ അനുമതി നൽകൂ. 10 മീറ്ററിലധികം ഉയരം വേണ്ട കെട്ടിടങ്ങൾക്ക് ചീഫ് ടൗൺ പ്ലാനറുടെ പ്രത്യേക അനുമതി വേണം.

ഗുരുവായൂർ ടൗൺഷിപ്പായിരിക്കെ 1965ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനാണ് നേരത്തെ ഉണ്ടായിരുന്നത്. 2010ൽ ഒരു മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചെങ്കിലും അത് നടപ്പാക്കാനായില്ല. പൂക്കോട്, തൈക്കാട് പഞ്ചായത്തുകൾ നഗരസഭയോട് ലയിപ്പിച്ചതിനാൽ പുതിയ മാസ്റ്റർ പ്ലാൻ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്നത്തെ മാസ്റ്റർ പ്ലാൻ നടപ്പാക്കാതിരുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായാണ് 20 വർഷത്തെ വികസനം മുൻകൂട്ടി കണ്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മാസ്റ്റർ പ്ലാനിനനുസൃതമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഏഴ് വർഷത്തിനകം പൂർത്തിയായില്ലെങ്കിൽ നിർദേശങ്ങളും മേഖലകളും ഇല്ലാതാകും. രണ്ട് വർഷം മുമ്പാണ് ഇപ്പോഴത്തെ മാസ്റ്റർ പ്ലാനിനുള്ള നടപടികൾ ആരംഭിച്ചത്. നഗരസഭയിൽ ആറ് മേഖലകൾ: ടെമ്പിൾ കോർ (ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ), തീർഥാടക സോൺ, മിക്‌സഡ് സോൺ, പാർപ്പിട മേഖല, കൃഷിയും പാർപ്പിടങ്ങളും ചേർന്ന മേഖല, കണ്ടൽ കാടുകൾ, ജലാശയങ്ങൾ, വയലുകൾ എന്നിവയടങ്ങിയ മേഖല എന്നിങ്ങനെ ആറ് മേഖലകൾ. റോഡുകൾ : ഗുരുവായൂരിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതകൾ ഉൾപ്പെടെ വീതി കൂട്ടണം.

വരുന്നത് വൻ വികസസനം