തൃശൂർ : സമൂഹത്തിലെ അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള കൗമുദി വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. കേരള കൗമുദിയുടെ ജനരത്‌ന പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് നടന്ന എക്‌സെലൻസി അവാർഡ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
കേരളത്തിലെ പത്രപവർത്തന മേഖലയിൽ പത്രാധിപർ എന്ന് ആദ്യം വിശേഷിപ്പിക്കുന്നത് കേരള കൗമുദി പത്രാധിപർ കെ.സുകുമാരനെയാണ്. നൂറ്റാണ്ടുകൾക്കപ്പുറമുള്ള കേരള കൗമുദിയുടെ ചരിത്രം എന്നും മാറ്റത്തിനായായിരുന്നു. സമൂഹത്തിന്റെ പരിഷ്‌കരണ പ്രക്രിയകളിൽ കേരള കൗമുദി എന്നും മുന്നിലാണ്.
ജനങ്ങളുടെ ജീവിതം ഏറ്റവും അടുത്തറിയുന്നവരാണ് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ. വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി നിന്നിരുന്ന വലിയ വിഭാഗം സ്ത്രീകളെ നാടിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനും വികസനത്തിൽ പങ്കാളികളാക്കാനും സാധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലൂടെ ഏറെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ മികവിനെ സമൂഹ മദ്ധ്യത്തിൽ അവതരിപ്പിക്കുന്നതിൽ കേരള കൗമുദിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.