തൃശൂർ: മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി പുഴയിൽ കാണാതായ അർജുനെ തെരയാൻ കാർഷിക സർവകലാശാലയുടെ ഡ്രഡ്ജർ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കർണാടകയിലെ ഷിരൂരിലെത്തി. കൃഷിവകുപ്പ് അസി.ഡയറക്ടർമാരായ ഡോ.എ.ജെ.വിവാൻസി, വി.എസ്.പ്രതീഷ്, ഡ്രഡ്ജർ നിർമ്മിച്ച കോഴിക്കോട് മലയിൽ ഇൻഡസ്ട്രീസ് ഉടമ നിതിൻലാൽ എന്നിവരാണ് സംഘത്തിലുള്ളത്.
ബോട്ടുപോലെ പുഴയിൽ സഞ്ചരിച്ച് തെരച്ചിൽ നടത്താവുന്ന ഡ്രഡ്ജർ അവിടെ ഉപയോഗിക്കാനാകുമോ എന്നാണ് സംഘം പരിശോധിക്കുക. കാർഷിക സർവകലാശാലയ്ക്കായി പ്രത്യേകം നിർമ്മിച്ച ഡ്രഡ്ജറാണിത്. കനാലുകളിലും മറ്റും ആറു മീറ്റർ ആഴത്തിലുള്ള ചെളിയും ചണ്ടിയും നീക്കാനുപയോഗിക്കുന്നതാണ് ഇത്. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാൻ ഇതിന് കഴിയുമോയെന്ന് സംഘം പരിശോധിക്കും.
ഒഴുക്ക് കൂടുതലാണെങ്കിൽ ഇത് ഉപയോഗിക്കാനാകില്ലെന്നാണ് ഡ്രഡ്ജർ നിർമ്മിച്ച കമ്പനി അധികൃതർ പറയുന്നത്. ആഴം കൂടിയ ഇടങ്ങളിൽ ഇരുമ്പുതൂണ് താഴ്ത്തി ഉപയോഗിക്കാം. തൃശൂർ എൽത്തുരുത്തിലാണ് യന്ത്രമുള്ളത്.