തൃശൂർ : ഏതാനും ദിവസം മഴയുടെ ശക്തി അൽപ്പം കുറഞ്ഞെങ്കിലും ഞായറാഴ്ച ശക്തി പ്രാപിച്ചതോടെ ഡാമുകളുടെ ജലനിരപ്പ് കുതിച്ചുയരുന്നു. ചിമ്മിനി ഡാം ഒഴികെയുള്ള എല്ലാ ഡാമും തുറന്നു. പലതിന്റെയും ഷട്ടർ കൂടുതൽ ഉയർത്തി. വാഴാനി, പത്താഴക്കുണ്ട് എന്നിവയുടെ ഷട്ടറാണ് കൂടുതൽ ഉയർത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടർ രണ്ട് സെന്റീമീറ്റർ വീതം തുറന്നു. അധികജലം ഒഴുകിപ്പോകുന്ന പത്താഴക്കുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
വാഴാനി ഷട്ടർ ഉയർത്തി
നിലവിൽ നാല് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തിയിരുന്ന വാഴാനി ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ എല്ലാ ഷട്ടറും മൂന്ന് സെന്റിമീറ്റർ കൂടി ഉയർത്തി. നിലവിൽ ഡാമിലെ ജലനിരപ്പ് 61.11ൽ എത്തി.
തിരക്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ
മഴ ശക്തമായി ഡാം തുറന്നത്തോടെ വെള്ളച്ചാട്ടം കാണാനും മറ്റും വൻ തിരക്കാണ് അതിരപ്പിള്ളിയിൽ. ആയിരക്കണക്കിന് പേരാണെത്തുന്നത്. പീച്ചി, വാഴാനി, തുമ്പൂർ മുഴി എന്നിവിടങ്ങളിലും തിരക്കേറി. കടൽ കാണാനും തിരക്കാണ്.
പീച്ചി ഡാം തുറന്നു
കനത്ത മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കാൻ പീച്ചി ഡാം തുറന്നു. നാല് ഷട്ടറുകൾ 7.5 സെന്റിമീറ്റർ വീതമാണ് തുറക്കുക. പീച്ചി ഡാമിന്റെ റിവർ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉൽപാദനത്തിന് നൽകുന്നുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
ജാഗ്രത വേണം
ഡാമുകൾ തുറന്ന സാഹചര്യത്തിൽ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം
ജലാശയങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കണം
മണലി, കരുവന്നൂർ പുഴകളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം
അപകട സാഹചര്യം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പ് സ്വീകരിക്കാൻ ജില്ലാ ഫയർ ഓഫീസർക്ക് നിർദ്ദേശം
പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം.