മാള : നാലമ്പല തീർത്ഥാടകർക്ക് കുരുക്കാകുകയാണ് അഷ്ടമിച്ചിറ വൈന്തല കല്ലൂർ പി.ഡബ്ല്യു.ഡി റോഡിലെ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനെടുത്ത ചാൽ. പൈപ്പ് സ്ഥാപിച്ച് ചാൽ മണ്ണിട്ട് മൂടിയെങ്കിലും അവിടെ ടാർ ചെയ്യാത്തത് മൂലം മണ്ണ് നനഞ്ഞ് കുതിർന്ന് വാഹനങ്ങൾ താഴുകയാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വാഹനങ്ങൾ താഴ്ന്നിരുന്നു.
കർക്കടകം ഒന്ന് മുതൽ തീർത്ഥടകരുടെ നിറുത്താതെയുള്ള ഒഴുക്കാണ് ഈ വർഷം. ശനി, ഞായർ ദിവസങ്ങളിൽ ബസുകളുടെ എണ്ണം നൂറിലധികമാകും. മാള പോസ്റ്റ് ഓഫീസ് റോഡിലെ ഗതാഗതക്കുരുക്ക് അറിയാവുന്ന ഡ്രൈവർമാർ മാള ടൗൺ ഒഴിവാക്കി അഷ്ടമിച്ചിറയിൽ നിന്നു തിരിഞ്ഞ് പാളയംപറമ്പ് വൈന്തല അന്നമനട വഴിയാണ് മൂഴിക്കുളത്തേക്ക് പോകുന്നത്. വൈന്തല ഭാഗത്ത് പൊതുവേ റോഡിന് വീതി കുറവ് കാരണം ബസ്സുകൾക്ക് സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടുണ്ട്. കുറ്റിക്കാടുകൾ ഉള്ളതുകൊണ്ട് മണ്ണിട്ട് മൂടിയ ചാലുകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടില്ല.
കാടുകുറ്റി പഞ്ചായത്തിലെ വാട്ടർ ടാങ്കിൽ നിന്നും പഞ്ചായത്തിന്റെ മൂന്നു വാർഡുകളിലേക്ക് വെള്ളം നൽകുന്നതിനുള്ള പൈപ്പുകളാണ് റോഡിന്റെ വശം വഴി പോകുന്നത്. പൈപ്പുകൾ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കേണ്ടത് ജല അതോറിറ്റി ആണെന്നാണ് മാള പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ പറയുന്നത്. പഞ്ചായത്ത് അംഗം കെ.സി. മനോജ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർക്കും ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർക്കും പ്രശ്‌നം പരിഹരിക്കാൻ പരാതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച താഴ്ന്നത് രണ്ട് ബസുകൾ
ഞായാറാഴ്ച രാത്രിയിലും വൈന്തല കമ്പനിപ്പടിക്ക് സമീപത്തെ ചാലിൽ നാലമ്പല ദർശനത്തിനുള്ള സംഘം സന്ദർശിച്ച രണ്ട് ബസുകൾ താഴ്ന്നു. കൂടൽമാണിക്യം ക്ഷേത്രദർശനം കഴിഞ്ഞ് മൂഴിക്കുളം ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലേക്ക് പോയ മലപ്പുറം മഞ്ചേരിയിൽ നിന്നുള്ള ബസുകളാണ് കുഴിയിൽ താഴ്ന്നത്. ശക്തമായ മഴയിൽപെട്ടുപോയ 50 ഓളം തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യം സമീപത്തുള്ള വീട്ടുകാർ ചെയ്തുകൊടുത്തത് രക്ഷയായി. മണിക്കൂറുകളുടെ അദ്ധ്വാനത്തിനു ശേഷമാണ് രണ്ടു ബസ്സുകളും ചാലുകളിൽ നിന്ന് കയറ്റി അറ്റകുറ്റപ്പണികൾ തീർത്ത് ഇന്നലെ വെളുപ്പിന് രണ്ട് മണിക്ക് യാത്ര തുടരാൻ സാധിച്ചത്.