ചാലക്കുടി: കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഉദ്യോഗസ്ഥനെതിരെ പ്രസിഡന്റ് കൊണ്ടുവന്ന പ്രമേയം ഭരണ സമിതിയുടെ പരാജയം മറച്ചു വയ്ക്കാനാണെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം. പ്രമേയത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌ക്കരിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 6 കോടിയുടെ പദ്ധതി പാഴാക്കിയെന്ന് ആരോപിച്ച് അസി.എൻജിനീയർക്കെതിരെ പ്രസിഡന്റ് കൊണ്ടുവന്ന പ്രമേയം പിൻവലിക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പാർലിമെന്ററി പാർട്ടി ലീഡർ ഇ.എ.ജയതിലകനാണ് ഇക്കാര്യം യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഓഫീസ് കവാടത്തിൽ നടന്ന പ്രതിഷേധ യോഗം ഇ.എ.ജയതിലകൻ ഉദ്ഘാടനം ചെയ്തു. ആർ.ബാബു അദ്ധ്യക്ഷനായി. പി.സി.നിഖിൽ,വി.ജെ.വില്യംസ്, ഉഷ ശശിധരൻ,ശകുന്തള വത്സൻ എന്നിവർ സംസാരിച്ചു.