കൊടുങ്ങല്ലൂർ : കോർട്ട് കോംപ്ലക്‌സിനു വേണ്ടി മേത്തല വില്ലേജിൽ ഇപ്പോൾ നൽകിയ 50 സെന്റ് ഭൂമി അപര്യാപ്തമാണെന്നും നിലവിൽ ലഭ്യമായ 69 സെന്റും വിട്ടു നൽകുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്നും കോടതി സമുച്ചയം കൊടുങ്ങല്ലൂരിൽ നിലനിറുത്താൽ എല്ലാ കക്ഷികളും സഹകരിക്കണമെന്നും ഐ.എ.എൽ (ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്‌സ്) കൊടുങ്ങല്ലൂർ ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊടുങ്ങല്ലൂർ എം.എൽ.എ, ബന്ധപ്പെട്ട രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. കൊടുങ്ങല്ലൂരിൽ പുതിയ വിശാലമായ കോർട്ട് കോപ്ലക്‌സ് വന്നാൽ മാത്രമേ നിലവിൽ പ്രവർത്തിക്കുന്ന മജിസ്‌ട്രേറ്റ്, മുൻസിഫ്, ന്യായാലയ കോടതികൾക്കും വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന പോക്‌സോ കോടതിക്കും വരാൻ സാദ്ധ്യതയുള്ള മറ്റു കോടതികൾക്കും സുഖകരമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. കൂടുതൽ കോടതികൾ കൊടുങ്ങല്ലൂരിൽ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. പി. രമ്യ അദ്ധ്യക്ഷയായി. സെക്രട്ടറി അഡ്വ. യു.കെ. ജാഫർ ഖാൻ, അഡ്വക്കറ്റുമാരായ ടി.കെ. പ്രഭാകരൻ, എ.ഡി. സുദർശനൻ, കെ.എസ്. ബിനോയ്, സീതി കടമ്പോട്ട് എന്നിവർ സംസാരിച്ചു.