ഗുരുവായൂർ : നഗരസഭയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ധനകാര്യ സ്റ്റേറ്റ്‌മെന്റ് ചർച്ചയിൽ തർക്കം. അംഗങ്ങൾക്ക് പകർപ്പ് നൽകാതെ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയതാണ് തർക്കത്തിനിടയാക്കിയത്. പ്രെഫ. പി.കെ. ശാന്തകുമാരിയാണ് വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ , ശോഭ ഹരി നാരായണൻ എന്നിവരും പകർപ്പ് ലഭിക്കാതെ ചർച്ച നടത്താനാവില്ലെന്ന് അറിയിച്ചു. കെ സ്മാർട്ട് മൂലമുണ്ടായ സാങ്കേതിക പ്രശ്‌നമാണ് പകർപ്പ് വൈകാൻ ഇടയാക്കിയതെന്ന് സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പകർപ്പ് നൽകിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് അടിയന്തിര കൗൺസിൽ ചേരാമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് അറിയച്ചതോടെയാണ് തർക്കം തീർന്നു. ഗവ. ആയുർവേദ ആശുപത്രി നിർമാണം നടക്കുമ്പോൾ ആശുപത്രി താത്കാലികമായി അമ്പാടി ടൂറിസ്റ്റ് ഹോമിലേക്ക് മാറ്റും. താത്കാലിക സൗകര്യം ഒരുക്കാൻ 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. അജണ്ടയിൽ സാങ്കേതിക പദങ്ങൾ തെറ്റായി ചേർക്കുന്നതിൽ വിമർശനമുണ്ടായി. എ.എസ്. മനോജ്, എ.എം. ഷെഫീർ, സി.എസ്. സൂരജ്, വി.കെ. സുജിത്, മെഹറൂഫ് എന്നിവർ സംസാരിച്ചു.