malayora

തൃശൂർ: പട്ടയസമരവുമായി ബന്ധപ്പെട്ട് മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ കളക്ടർ എസ്.ഷാനവാസിനെ ഉപരോധിച്ചെന്ന കേസിലെ പ്രതികളെ തൃശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇന്ദു പി.രാജ് വെറുതെ വിട്ടു. ഒല്ലൂർ നിയോജക മണ്ഡലത്തിലെ കുടിയേറ്റ കർഷകരായ സ്ത്രീകളും പുരുഷന്മാരുമടക്കം 60 പേരെയാണ് വെറുതെ വിട്ടത്. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷനായില്ലെന്ന് കോടതി കണ്ടെത്തി. ഒല്ലൂർ മണ്ഡലത്തിലെ മലയോര കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതികൾക്കായി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത്, അഡ്വ.വിജി ചാക്കോ എന്നിവർ ഹാജരായി. 2019 ആഗസ്ത് ഏഴിനായിരുന്നു സംഭവം. വൃദ്ധരും യുവതികളുമുൾപ്പെടെ 60 പ്രതികളെയാണ് വെറുതെ വിട്ടത്. കളക്ടറുടെ ചേംബർ മുന്നറിയിപ്പില്ലാതെ ഉപരോധിക്കുകയായിരുന്നു. ഉപരോധത്തെ തുടർന്ന് കളക്ടറെ പിൻവാതിലിലൂടെയാണ് പുറത്തെത്തിച്ചത്.

സമരക്കാരെ അർദ്ധരാത്രി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തതടക്കം നാടകീയ സംഭവങ്ങളും അരങ്ങേറി. അഞ്ച് ദിവസം മലയോര സംരക്ഷണ സമിതി നടത്തിയ സമരത്തിന്റെ അവിചാരിത ക്ലൈമാക്‌സായി മാറിയ ഉപരോധം പൊലീസിനും ജില്ലാ ഭരണകൂടത്തിനും ആഘാതമായിരുന്നു. ചേംബറിനുള്ളിൽ ജീവനക്കാർ ഇരിക്കുന്ന മുറിയിൽ കയറി സമരക്കാർ വാതിൽ പൂട്ടി. ഇതോടെ കളക്ടർ പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങി. പട്ടയം ലഭിക്കുംവരെ കളക്ടറെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്.

കടുത്ത നടപടിക്ക് മുതിരാതെ പൊലീസും

സമരക്കാരിൽ സ്ത്രീകളും കുട്ടികളും 70 വയസ് പിന്നിട്ടവരുമായതിനാൽ പൊലീസ് കടുത്ത നടപടിയെടുത്തില്ല. തനിക്ക് പരാതിയില്ലെന്ന് കളക്ടർ നിലപാടെടുത്തത് നിർണായകമായി. നിയമപരമല്ലാതെ കൂട്ടം ചേരൽ, കലാപത്തിന് ശ്രമിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിങ്ങനെ ആറ് വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്ന് മണിക്കൂറിന് ശേഷം ചേംബറിന്റെ രണ്ടാം വാതിൽ തുറന്നാണ് കളക്ടറെ പൊലീസ് പുറത്തെത്തിച്ചത്. പിന്നീട് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ മൂന്ന് വണ്ടികളിൽ കയറ്റി വെട്ടുകാട് ഭാഗത്ത് നിർബന്ധിച്ച് ഇറക്കിവിട്ടു.