തൃശൂർ: തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ അതിശക്തമായ മഴയിൽ ജില്ലയിൽ പ്രളയസമാന ദുരിതം. പലയിടത്തും ഗതാഗതം മുടങ്ങി. വെള്ളക്കെട്ട്, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്നുള്ളവരെ മാറ്റിപ്പാർപ്പിച്ചു. ദുരന്തനിവാരണ അതോറിറ്റി പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി 25 അംഗ എൻ.ഡി.ആർ.എഫ് സംഘം എത്തി. ദുരന്തനിവാരണ അതോറിറ്റി പ്രവർത്തനങ്ങൾ ഊർജിതമാക്കി. വടക്കാഞ്ചേരി കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, എ.ഡി.എം: ടി. മുരളി, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കർശന നിർദേശം നൽകി. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് 31 വരെ നിരോധനം ഏർപ്പെടുത്തി. ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാം.
50 അംഗ സിവിൽ ഡിഫൻസ്
50 അംഗ സിവിൽ ഡിഫൻസ് വളണ്ടിയേഴ്സിനെയും തലപ്പിള്ളി, തൃശൂർ, ചാലക്കുടി താലൂക്കിലേക്ക് വിന്യസിച്ചിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ് സേനയും വിവിധയിടങ്ങളിൽ സജ്ജരാണ്. താലൂക്ക് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ ഡെപ്യൂട്ടി കലക്ടർമാരും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ബന്ധപ്പെട്ട പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിറഞ്ഞ് ഡാമുകൾ
പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്. ഡാം ഷട്ടർ ഉയർത്തുന്നതിന് മുന്നോടിയായുള്ള അതീവ ജാഗ്രതാ സന്ദേശം അതത് പ്രദേശങ്ങളിൽ അനൗൺസ്‌മെന്റുകളായി പുറപ്പെടുവിക്കുന്നുണ്ട്.
ക്യാമ്പുകളിലേക്ക്
താലൂക്കുകൾ കേന്ദ്രീകരിച്ച് തുറന്ന ക്യാമ്പുകളിലേക്ക് ജനങ്ങളെ രാത്രി വൈകിയും മാറ്റുന്നുണ്ട്. ക്യാമ്പുകളിൽ പ്രവർത്തനങ്ങൾ വില്ലേജ് ഓഫീസർമാരും പഞ്ചായത്ത് സെക്രട്ടറിമാരും സംയുക്തമായി നടപ്പാക്കും. ക്യാമ്പിൽ കഴിയുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ആരോഗ്യ വിഭാഗത്തിനും നിർദേശം നൽകി.
കൺട്രോൾ റൂം നമ്പറുകൾ: