കൊടുങ്ങല്ലൂർ: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മതിലകം ബൈപാസിൽ സർവീസ് റോഡ് ഉൾപ്പെടുത്തുന്നതിന് ഉത്തരവായതായി ബെന്നി ബെഹ്നാൻ എം.പി അറിയിച്ചു. നിർമ്മാണപ്രവർത്തനം നടക്കുന്ന തളിക്കുളം-കൊടുങ്ങല്ലൂർ സെക്്ഷനിലെ മതിലകം ബൈപാസിൽ സർവീസ് റോഡ് ഉൾപ്പെടുത്താത്തത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്ന പരാതിയെത്തുടർന്ന് വിഷയം പരിഹരിക്കണമെന്ന് ബെന്നി ബെഹ്നാൻ എം.പി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മതിലകം ബൈപാസിന്റെ ഇരുവശത്തും 250 മീറ്റർ വീതം ദൂരത്തിൽ സർവീസ് റോഡ് കൂടി ഉൾപ്പെടുത്തി ദേശീയപാത ആറുവരിപ്പാതയാക്കി പൂർത്തീകരിക്കുന്നതിന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി ഉത്തരവായി.