തൃശൂർ: അദ്ധ്യാപകനും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ. എം. മുരളീധരന്റെ ഓർമ്മയ്ക്കായി മുരളീധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജ് അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ അവാർഡിന് പൊന്നാനി എം.ഇ.എസ് കോളേജിലെ ജിയോളജി വിഭാഗം അദ്ധ്യാപകനും ശാസ്ത്രപ്രചാരകനുമായ ഡോ. വി.കെ. ബ്രിജേഷ് അർഹനായി. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനും കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ, കേരള കാർഷിക സർവകലാശാല അദ്ധ്യാപിക പ്രൊഫ. എ. പ്രേമ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 25,000 രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് ഒമ്പതിന് 4.30ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽ സമ്മാനിക്കും.