കൊടുങ്ങല്ലൂർ: ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണം തുണയായി. കനത്ത മഴയിലും കരകവിയാതെ തടസ്സങ്ങളില്ലാതെ ഒഴുകി പെരുന്തോട് വലിയതോട്. കയ്പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലൂടെയാണ് പെരുന്തോട് വലിയതോട് ഒഴുകുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജനകീയ കൂട്ടായ്മയിൽ പെരുന്തോട് വലിയതോട് ശുചീകരിച്ചത്. അഞ്ച് പഞ്ചായത്തുകളിലായി ഇ.ടി. ടൈസൺ എം.എൽ.എയുടെയും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ രംഗത്തിറങ്ങി 3100 പേരുള്ള വിപുലമായ കൂട്ടായ്മയാണ് ജനകീയ ശുചീകരണ പരിപാടിയിൽ അണിനിരന്നത്.
ഇതോടെ പെരുന്തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർദ്ധിക്കുകയും കനത്ത മഴയിൽ സാധാരണയായി കണ്ടുവരാറുള്ള വെള്ളക്കെട്ടിന് പരിഹാരമാകുകയും ചെയ്തിട്ടുണ്ട്. തോടിന്റെ പല ഭാഗങ്ങളിലും ഇനിയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. അതുകൂടി പൂർത്തിയാകുന്നതോടെ തോടിലെ ഒഴുക്ക് കുടൂതൽ തടസങ്ങളില്ലാതെയാകും.

തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ ശാസ്ത്രീയമായ രീതിയിൽ പെരുന്തോട് വലിയതോടിനെ സംരക്ഷിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കും.
- ഇ.ടി. ടൈസൺ എം.എൽ.എ