ചേലക്കര/പാവറട്ടി/വടക്കാഞ്ചേരി/കുന്നംകുളം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ. നിരവധി വീടുകൾ നശിച്ചു. ചേലക്കര നഗര പ്രദേശം ഒറ്റപ്പെട്ടു. തോട് കരകവിഞ്ഞ് തോന്നൂർക്കര വളവ് മുതൽ ചേലക്കര മാർക്കറ്റ് വരെയുള്ള ഭാഗങ്ങളിൽ വെള്ളം കയറി. സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളും പൊലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫീസും ആശുപത്രിയും വെള്ളത്തിലായി. ഫയലുകളും കമ്പ്യൂട്ടറുകളും വാഹനങ്ങളും നശിച്ചു. വീടുകളും ഇടിഞ്ഞു വീണു. നിരവധി വീടുകൾക്ക് ഭാഗികമായി തകർന്നു.

വെങ്ങാനല്ലൂർ, കോളത്തൂർ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. പങ്ങാരപ്പിള്ളി, അന്തിമഹാകാളൻ കാവ്, തൃക്കണായ, എളനാട് മേഖലകളിലെ വിവിധ ഇടങ്ങളിൽ റോഡുകൾ മുങ്ങി. ഏക്കർകണക്കിന് നെൽ കൃഷിയും പച്ചക്കറിക്കൃഷിയും വാഴയും നശിച്ചു. വാഹനങ്ങൾ പലതും വെള്ളത്തിൽമുങ്ങി. പത്രക്കെട്ടുമായി വന്ന വാഹനവും വെള്ളത്തിൽ മുങ്ങി. വട്ടുള്ളി മലയിൽ ചെറിയ തോതിൽ ഉരുൾപൊട്ടിയതും വെള്ളപ്പൊക്കത്തിന് കാരണമായി. ശ്രീമൂലം തിരുനാൾ ഗവ.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അമ്പതോളം കുടുംബങ്ങൾ അഭയം തേടി. പഴയന്നൂർ ടൗണിൽ ആശുപത്രി പരിസരവും വെള്ളത്തിലായി. ഗായത്രി പുഴ കരകവിഞ്ഞതിനെ തുടർന്ന് ചീരക്കുഴി മേഖലയിലും വെള്ളം കയറി. ഭാരതപ്പുഴ നിറഞ്ഞതിനെ തുടർന്ന് പാമ്പാടി ഭാഗങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിലായി. നിരവധി ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി.

വടക്കാഞ്ചേരി: കനത്ത മഴയും വാഴാനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തിയതും വടക്കാഞ്ചേരിയെ വെള്ളക്കെട്ടിലാക്കി. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി. രോഗികൾ അടക്കമുള്ളവരെ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് രക്ഷിച്ചത്. എൻ.ഡി.ആർ.എഫ്. (ദേശീയ ദുരന്ത പ്രതികരണ സേന) രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വാഴാനിപ്പുഴ കരകവിഞ്ഞു. ഓട്ടുപാറ- വടക്കാഞ്ചേരി പട്ടണങ്ങൾ വെള്ളത്തിലായി. ഓട്ടുപാറ ഡോക്ടേഴ്‌സ് മെഡിക്കൽ സെന്റർ,മാക്‌സ് കെയർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ മാറ്റി. കുമരനെല്ലൂർ, മാരാത്ത്കുന്ന്, ശാന്തിനഗർ മേഖലകളിലെ വീടുകളിൽ വെള്ളം കയറി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. എൻ.ഡി.ആർ.എഫ് സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഫയർഫോഴ്‌സിന്റെ ഡിങ്കി ബോട്ടുകളിലാണ് വയോധികരും കുട്ടികളും ഉൾപ്പെടെയുള്ളവരെ പുറത്തെത്തിച്ചത്. അകമല തൂമാനം പരിസരത്ത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വടക്കാഞ്ചേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിന് എതിർവശത്തുള്ള കുന്നിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് പതിച്ചു. പാർളിക്കാടും, ഇരട്ട കുളങ്ങരയിലും കുന്നിടിഞ്ഞു. കരുമരക്കാട് ശിവക്ഷേത്രത്തിൽ വെള്ളം കയറി. ഉത്രാളിക്കാവ് ക്ഷേത്രവും വെള്ളത്തിൽ മുങ്ങി. മച്ചാട് -താണി കുടം റോഡിൽ കരുമത്ര പൂർണമായും വെള്ളത്തിൽ മുങ്ങി. ഗതാഗതം പൂർണമായും സ്തംഭിച്ചു. ഗവ: ബോയ്‌സ് ഹൈസ്‌കൂൾ, പാർളിക്കാട് ഗവ: യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 76 കുടുംബങ്ങളുണ്ട്.

പാവറട്ടി : വെങ്കിടങ്ങ് പഞ്ചായത്തിൽ ഏനാമാവ് കരുവന്തല ചക്കംകണ്ടം റോഡിൽ മുപ്പട്ടിത്തറ മുതൽ പാടൂർ വരെ റോഡ് വെള്ളക്കെട്ടിലായി. മേച്ചേരിപ്പടി തൊയക്കാവ് റോഡ്, മഹാത്മ റോഡ്, പള്ളിക്കടവ് റോഡ്, പള്ളിക്കടവ് തൊയക്കാവ് ഏറച്ചം വീട്ടിൽ മജീദിന്റെ വീട് എന്നിവിടങ്ങൾ വെള്ളക്കെട്ടിലായി. മതിൽ ഇടിഞ്ഞ് വീണ് പാടൂർ തൊടു വീട്ടിൽ കുഞ്ഞിക്കാളിക്ക് പരുക്കേറ്റു.

ചാവക്കാട് : തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് ബീച്ചിലേക്ക് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി. ഏനാമാവ് റോഡ്, മുതുവട്ടൂർ രാജഹാൾ പരിസരം, കോടതി റോഡ്, പുന്ന, അനു ഗ്യാസ് റോഡ്, ഓവുങ്ങൽ ,മല്ലാട്, അങ്ങാടിത്താഴം, കടപ്പുറം, ഒരുമനയൂർ, വടക്കേ ബൈപ്പാസ് പരിസരം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നഗരസഭയിൽ കൺട്രോൾ റൂം തുറന്നു.

ഗതാഗതം നിരോധിച്ചു

പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് പത്താം വാർഡിൽ കൂമ്പുള്ളി കനാൽ ബണ്ട് റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണതോടെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
പറപ്പൂക്കര: മുപ്ലിയം വാസുപുരം റോഡിൽ കുഞ്ഞക്കര പാലത്തിന് സമീപം റോഡിൽ വെള്ളം കയറിയതുമൂലം ഗതാഗതം നിലച്ചു. മുപ്ലിയം അന്ത്യംപാടം റോഡിൽ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. കച്ചേരിക്കടവ് പാലം റോഡ്, കുട്ടോലിപ്പാടം റൊട്ടിപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം നിലച്ചു.

ദുരിതാശ്വാസ ക്യാമ്പ്

പറപ്പൂക്കര: പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് പന്തല്ലൂർ ജനത യു.പി.സ്‌കൂളിൽ ആരംഭിച്ചു. രണ്ട് കുടുംബങ്ങളിലെ 8 പേരാണ് ക്യാമ്പിലുള്ളത്. കൂടുതൽ പേർ ക്യാമ്പിലെത്താൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഇ.കെ.അനൂപ് പറഞ്ഞു. കൊടകര പഞ്ചായത്ത് ജി.എൽ.പി സ്‌കൂളിൽ മൂന്ന് വീടുകളിൽ നിന്ന് 6 പേരുണ്ടെന്ന് പ്രസിഡന്റ് അമ്പിളി സോമൻ അറിയിച്ചു.


ദുരിതക്കയത്തിൽ സുജാതയും കുടുംബവും

കുന്നംകുളം: കുന്നംകുളം തെക്കേപ്പുറം സ്വദേശിനി അമ്മാട്ട് വീട്ടിൽ സുജാതയുടെ വീട് തകർന്നു. വർഷങ്ങൾ പഴക്കമുള്ള വീട്ടിൽ സുജാതയും വിദ്യാർത്ഥികളായ മക്കളുമാണ് താമസം. നാലുവർഷം മുമ്പാണ് ഭർത്താവ് ക്യാൻസർബാധിതനായി മരിച്ചത്. ബുക്ക് ബൈൻഡിങ് സ്ഥാപനത്തിൽ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. വീടിന്റെ ബാക്കിഭാഗം ഏത് നിമിഷവും തകർന്നുവീഴാറായ നിലയിലാണ്. ഇവർ താത്കാലികമായി ബന്ധു വീട്ടിലേക്ക് താമസം മാറുകയാണ്. ഇവർക്ക് സ്വന്തം വീട്ടിൽ താമസിക്കാനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വാഴാനി വീണ്ടും ഉയർത്തി

വടക്കാഞ്ചേരി: കനത്ത മഴയിൽ വാഴാനി ഡാമിന്റെ ഷട്ടറുകൾ 440 സെന്റിമീറ്റർ ഉയർത്തി. 4 ഷട്ടറുകൾ 110 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ അളവ് 61.87 മീറ്ററാണ്.