1

ചാലക്കുടി: അതിശക്തമായ മഴയും പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും കൂടുതൽ വെള്ളം വിട്ടതും മൂലം ചാലക്കുടിപ്പുഴയിൽ അനിയന്ത്രിതമായ മലവെള്ളപ്പാച്ചിൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. ഏഴിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിങ്കളാഴ്ച ഉച്ചമുതൽ തോരാതെ പെയ്ത മഴയിലാണ് പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും പുഴയിലേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് വൻതോതിൽ കൂട്ടിയത്.

ആറ് ഷട്ടറുകളിൽ നിന്നായി 14 അടിയും ഒരു സ്ലൂയിസ് വാൽവും തുറന്നതോടെ ചാലക്കുടിപ്പുഴയിലെ ജലവിതാനം 8.62 മീറ്ററായി ഉയർന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടാം എമർജൻസി ഗേറ്റും തുറന്നതോടെ പുഴയിലെ വെള്ളം ഇനിയും കൂടുമെന്ന് ഉറപ്പായി. അതിരപ്പിള്ളി റോഡിലെ കാഞ്ഞിരപ്പിള്ളി, കൂടപ്പുഴ എന്നിവിടങ്ങളിൽ വെള്ളം കയറി റോഡ് ഗാതാഗതം നിലച്ചു. വെള്ളാഞ്ചിറ കാരൂർ, വാളൂർ വെസ്റ്റ് കൊരട്ടി, തച്ചുടപറമ്പ്, വി.ആർ. പുരം, കാരക്കുളത്ത്‌നാട്, അന്നനാട് ചാത്തൻചാൽ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി.

പരിയാരം കമ്മളത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി കോളനിയിൽ 9 കുടുംബങ്ങളെ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് കൊന്നക്കുഴി ഗവ. എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. പരിയാരം മംഗലം കോളിനിയിൽ നിന്നുള്ളവരെ പരിയാരം സെന്റ് ജോർജ് സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. വെട്ടുകടവ് പ്രദേശത്ത് താമസിക്കുന്നവരെ ഗവ. ഈസ്റ്റ് ചാലക്കുടി സ്‌കൂളിലെ ക്യാമ്പിലേക്കാണ് മാറ്റിയത്.

കൂടപ്പുഴ കുട്ടാടം പാടശേഖരത്തിലെ കുടുംബങ്ങളെ എൻ.എസ്.എസ് ഹാളിലേക്ക് മാറ്റി. കൂടുതൽ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ സ്ഥലത്തെത്തിയ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അപകടാവസ്ഥ കണക്കിലെടുത്ത് ആളുകൾ പുഴ കാണാനെത്തുന്നത് ഒഴിവാക്കണമെന്ന് നഗരസഭാ ചെയർമാൻ എബി ജോർജ് പറഞ്ഞു.