തൃശൂർ: രണ്ടുദിവസമായി തോരാതെ പെയ്ത മഴയ്ക്കു പിന്നാലെ ഇന്നലെ ജില്ലയിലെ ആറ് ഡാമുകൾ ഒറ്റയടിക്ക് തുറക്കുകയും കൂടി ചെയ്തതോടെ നാടും നഗരവും മുങ്ങി. നിരവധി വീടുകളും റോഡുകളും വെളളത്തിനടിയിലായി. പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്നാണ് ഇന്നലെ രാവിലെയോടെ കൂടുതൽ അളവിൽ വെള്ളം പുറത്തേക്കു ഒഴുക്കിയത്.
രാവിലെ പീച്ചി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നിരുന്നു. മഴ തീവ്രമായതിനെത്തുടർന്ന് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തി. വാഴാനി ഡാമിന്റെ നാലു ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം തുറന്നതോടെ പരിസരപ്രദേശങ്ങളിൽ പ്രളയസമാനമായ സാഹചര്യം. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ 6 സെന്റീമീറ്റർ വീതവും രാവിലെ തുറന്നിരുന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ലൂയിസ് ഗേറ്റും തുറന്നതിന് പിന്നാലെ തുണക്കടവ് ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്തിലേക്കു ഒഴുക്കി. തമിഴ്‌നാട് ഷോളയാർ ഡാം തുറന്ന് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കിയിരുന്നു.
കാലവർഷം തുടക്കത്തിലേ ശക്തമായിരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി മുൻപ് തന്നെ ഡാമുകളിൽ നിന്ന് വെളളം ഒഴുക്കിവിട്ടിരുന്നെങ്കിൽ വെളളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നുവെന്ന് പറയുന്നവരുണ്ട്.
ഭീതിപ്പെടുത്തി പീച്ചി
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ ശക്തമായ വെള്ളപ്പാച്ചിലിൽ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് ലൈൻ തകർന്നു. പാണഞ്ചേരി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൈനൂർ, പുഴമ്പള്ളം പ്രദേശങ്ങൾ വെള്ളത്തിലായി. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ജനങ്ങളെ മാറ്റി.
നഗരവഴികളെല്ലാം മുങ്ങി
കനത്തമഴയിൽ നഗരത്തിൽ സ്വരാജ് റൗണ്ടിൽ അടക്കം വെള്ളക്കെട്ട് ശക്തമായിരുന്നു. വെള്ളം നഗരത്തിലേക്ക് ഒഴുകിയെത്തിയത് കുറച്ചുനേരം വാഹനഗതാഗതവും തടസപ്പെടുത്തി. ചെമ്പൂക്കാവ്, പെരിങ്ങാവ്, ചേറൂർ, വിയ്യൂർ, പൂങ്കുന്നം, പുഴയ്ക്കൽ, അയ്യന്തോൾ, അരണാട്ടുകര എന്നിവിടങ്ങളിലൊക്കെ റോഡുകൾ കവിഞ്ഞ് വെള്ളം ഒഴുകി. വിയ്യൂർ പാലത്തിനു താഴെവരെ തോട്ടിൽ നിന്നു വെള്ളം ഒഴുകിയെത്തി. 2018 ലെ വെള്ളപ്പൊക്കത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു ജലം ഒഴുകിയത്. സമീപത്തുള്ള വീട്ടുകാരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. കോലഴിയിൽ ഗാന്ധിനഗറിനു സമീപം കാർ പീച്ചിതോട്ടിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ദേശീയപാത മുടിക്കോട് വൻ ഗതാഗത കുരുക്കുണ്ടായി. പാലക്കാട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോകുന്ന പാതയിലായിരുന്നു ഗതാഗതക്കുരുക്ക്. ചരക്ക് കയറ്റിവന്ന ലോറി മുടിക്കോട് സർവീസ് റോഡിലെ കുഴിയിൽ അകപ്പെട്ടതിനെത്തുടർന്ന് തകരാറിലായതാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്.