പുതുക്കാട്: കനത്ത മഴയിൽ മണലി, കുറുമാലി പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളം കയറി. മുപ്ലിയം നന്തിപുലം റോഡ്, വരന്തരപ്പിള്ളി കുട്ടോലിപ്പാടം തൃക്കൂർ പഞ്ചായത്തിെലെ വട്ടകെട്ടായി, കയ്യാലപടി ബണ്ഡ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് വീടുകൾ തകർന്നു. പൂക്കോട് വെളുത്തേടത്ത് ചന്ദ്രിക, വരാക്കര ചുക്കിരിക്കുന്ന് ചീനത്ത് അഭിലാഷ് എന്നിവരുടെ വീടുകളാണ് മഴയിൽ തകർന്നത്. അഭിലാഷിന്റെ അമ്മയും ഭാര്യയും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.
വരന്തരപ്പിള്ളി വേലൂപ്പാടത്ത് വീടുകളിൽ വെള്ളം കയറി. വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തും, കുരിയടി പാലത്തിന് സമീപത്തും റോഡിലേക്ക് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പീച്ചി ഡാം കൂടുതൽ തുറന്നതോടെ നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലൂർ പാടം വഴിയിലെ 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
പുലക്കാട്ടുകര പ്രദേശത്തെ ചില വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ള കുടുംബളെയും മാറ്റിപ്പാർപ്പിച്ചു. പാലിയേക്കര ടോൾ സമാന്തരപാതയായ മണലി മടവാക്കര റോഡിൽ കാഴ്ചക്കടവ് പാലത്തിന് സമീപം റോഡിലേക്ക് വെള്ളം കയറി. ഇതുവഴിയുള്ള യാത്രക്കാർ ശ്രദ്ധിക്കണമെന്നും പുതുക്കാട് പൊലീസ് അറിയിച്ചു.
തലോർ ദീപ്തി സ്‌കൂൾ കല്ലൂർ പാലയ്ക്കപ്പറമ്പ് വി.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണലിപ്പുഴയിൽ പുലക്കാട്ടുക്കര ഷട്ടറിലും കുറുമാലിയിൽ ആറ്റപ്പിള്ളി റെഗുലേറ്ററിലും മരങ്ങളും പാഴ്‌വസ്തുക്കളും തടഞ്ഞുനിന്നത് നീക്കി.