തൃശൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിലും മലയോര മേഖലകളിലും കനത്ത കാറ്റും മഴയും കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും നിരവധി കുടുംബങ്ങൾ വീടുകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താമസം മാറ്റിയ സാഹചര്യത്തിൽ അടിയന്തര സഹായം എത്തിക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്നും ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി. വടക്കാഞ്ചേരി ടൗൺ പരിസര പ്രദേശങ്ങൾ, അമ്മാടം മുള്ളക്കര, എച്ചിപ്പാറ, തൃക്കൂർ, ചേലക്കര, എളനാട് , വെള്ളിക്കുളങ്ങര എന്നിങ്ങനെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളും കൃഷിയിടങ്ങളും മഴക്കെടുതിയിൽ അകപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കോൺഗ്രസ് പ്രവർത്തകർ അടിയന്തരമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.