river

ചാലക്കുടി: ചാലക്കുടിപ്പുഴയിലെ പ്രളയ സമാനമായ മലവെള്ളപ്പാച്ചിലിൽ നടുങ്ങി നാടും നഗരവും. 2018 ആവർത്തിക്കുമോയെന്നാണ് ആശങ്ക. തിങ്കളാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ ഇടതടവില്ലാതെ തിമിർക്കുന്നതിനിടെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും ഇടയ്ക്കിടെ കൂടുതൽ വെള്ളം വിട്ടതും ആളുകളെ അങ്കലാപ്പിലാക്കി. തമഴിനാട്ടിലേത് ഉൾപ്പെടെയുള്ള ഡാമുകൾ നിറയുന്നതും നാടിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

ചൊവ്വാഴ്ച നേരം പുലരുമ്പോൾ തന്നെ പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. വെള്ളം കയറിയ വീട്ടുകാരെ മറ്റിടങ്ങളിലേക്ക് മാറ്റിയതും പൊലീസ് വാഹനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങളുമായി ചീറിപ്പാഞ്ഞതും മറ്റൊരു ആഘാതമായി. ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിന് ആയിരക്കണക്കിന് വീട്ടുകാർ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞിരുന്നു. ഇതിനിടെ ഇന്നലെ ഉച്ചമുതൽ മഴയ്ക്ക് ചെറിയ ശമനമുണ്ടായത് ആശ്വാസമായി.

2019ന് ശേഷം പുഴയിൽ ഇത്രയേറെ വെള്ളം എത്തുന്നത് ഇതാദ്യം. അന്ന് ഷോളയാർ ഡാം തുറക്കാതിരുന്നിട്ടും സമാന രീതിയിൽ മലവെള്ളം ഒഴുകിവന്നു. പറമ്പിക്കുളത്ത് നിന്നും പെരിങ്ങൽക്കുത്ത് ഡാമിലേക്ക് വലിയ തോതിൽ വെള്ളം വിട്ടതായിരുന്നു കാരണം. ഇക്കുറിയാകട്ടെ പാലക്കാട് ജില്ലയിലെ തൂണക്കടവ് ഡാമിൽ നിന്നാണ് പെരിങ്ങൽക്കുത്തിലേക്ക് വെള്ളമെത്തിയത്. കൂടാതെ നീരൊഴുക്ക് കനത്തതും വിനയായി. മലയുടെ പലയിടത്തും ചെറിയ തോതിൽ ഉരുൾപ്പൊട്ടിയിട്ടുണ്ടെന്ന സംശയവുമുണ്ട്.