കൊടുങ്ങല്ലൂർ : തീരദേശത്തുനിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണമെന്ന് കൊടുങ്ങല്ലൂർ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയ സദസിൽ ആവശ്യം. നിലവിൽ മെഡിക്കൽ കോളേജിലേക്ക് രണ്ട് കെ.എസ്.ആർ.ടി.സി സർവീസുകളാണുള്ളത്. അത് അപര്യപ്തമാണെന്നും സ്വകാര്യ ബസുകൾക്കും അനുമതി നൽകണമെന്നായിരുന്നു ആവശ്യം. അഴീക്കോട് മുനയ്ക്കലിനെ ബന്ധപ്പെടുത്തി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന നിർദ്ദേശവും വന്നു.
വിദ്യാർത്ഥികളിൽ നിന്നും ചില സ്വകാര്യ ബസുകൾ പത്ത് രൂപ വാങ്ങുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടി. എല്ലാ പഞ്ചായത്തുകളിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടി ജനോപകാരപ്രദമായ റൂട്ടുകൾ തീരുമാനിച്ച് ആഗസ്റ്റ് അഞ്ചിനകം കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒയെ ഏൽപ്പിക്കാനും തീരുമാനിച്ചു.
ശാന്തിപുരം സെയ്ത് മുഹമ്മദ് കൾച്ചറൽ സെന്ററിൽ നടന്ന സദസിൽ ഇ.ടി. ടൈസൺ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ 80 ഓളം നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. വിശദമായി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ : ഇ.ജെ. ജോയിസൺ അറിയിച്ചു.