river
ചാലക്കുടി ഫയർഫോഴ്സ് സേനാംഗം വെട്ടകടവ് പാലത്തിലൂടെ പുഴയിലേയ്ക്ക് ഇറങ്ങി തടികൾ മാറ്റുന്ന ദൗത്യത്തിൽ

ചാലക്കുടി: വെട്ടുകടവ് പാലത്തിന്റെ തൂണുകളിൽ തടികൾ തടഞ്ഞതോടെ പുഴ ഗതിമാറുമോ എന്ന ആശങ്കയിലായി പ്രദേശവാസികൾ. ഇന്നലെ പുലർച്ചെ മുതൽ പുഴയിലെ ജലനിരപ്പ് 6 മീറ്ററിന് മുകളിലായി. അധികം വൈകാതെ മുന്നറിയിപ്പ് സൂചന നൽകുന്ന 7.10 മീറ്ററിലുമെത്തി. ഇതോടെ ഉയരം കുറവുള്ള പുഴയിലെ വെട്ടുകടവ് പാലത്തിന്റെ അടിത്തട്ടിൽ വെള്ളം മുട്ടുന്ന അവസ്ഥയിലെത്തി. ഒഴുകിയെത്തുന്ന തടികൾ തൂണുകളിൽ തടഞ്ഞു നിന്നു. 2018 പ്രളയകാലത്തും 2019ലെ അതിതീവ്ര മഴക്കാലത്തും തടികൾ തടഞ്ഞ്‌നിന്ന് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പ്രളയത്തിൽ പാലത്തിന് മുകളിലൂടെ 2 മീറ്റർ ഉയരത്തിൽ വെള്ളം ഒഴുകിയ നിരവധി തടികൾ റോഡിലെത്തിയിരുന്നു. അന്നത്തെ എം.എൽ.എ ബി.ഡി.ദേവസി, നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അന്നത്തെ നടപടികൾ. ഇത്തവണയും വീണ്ടും തടികൾ കുടുങ്ങിയതോടെ എം.എൽ.എ സനീഷ്‌കുമാർ ജോസഫ്, നഗരസഭ ചെയർമാൻ എബി ജോർജ് എന്നിവർ ഇടപെട്ടത് ചാലക്കുടി ഫയർഫോഴ്‌സ് സേന സ്ഥലത്തെത്തിച്ചു. ഇവർ വടംകെട്ടി പുഴയിലേയ്ക്ക് ഇറങ്ങി സാഹസികമായാണ് തടികൾ പുഴയിലൂടെ ഒഴുക്കിവിട്ടത്.