തൃശൂർ : പെരുമഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്കും ഡാം തുറന്നതിനെ തുടർന്നുള്ള കുത്തൊഴുക്കും മൂലം വെള്ളക്കെട്ടൊഴിയാതെ പ്രദേശങ്ങൾ. ചൊവ്വാഴ്ച്ച ഉച്ച മുതൽ ബുധനാഴ്ച്ച രാവിലെ വരെ മഴയ്ക്ക് അൽപ്പം ശമനം വന്നു. എന്നാൽ ഇന്നലെ വൈകിട്ട് മുതൽ ശക്തമായ മഴയുണ്ടായി. വാഴാനി, പീച്ചി, പത്താഴക്കുണ്ട്, പൂമല, പെരിങ്ങൽകുത്ത്, അസുരൻ കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിനായി ചിമ്മിനി ഡാമിൽ നിന്ന് അധികജലവും ഒഴുക്കുന്നുണ്ട്.
മണലിപ്പുഴ, ചാലക്കുടി പുഴ, കരുവന്നൂർ പുഴ ഉൾപ്പെടെയുള്ളവയും തോടും കര കവിഞ്ഞ് ഒഴുകുകയാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. വാഴാനി ഡാം തുറന്നതും അതിശക്തമായ മഴയും കൂടിയായതോടെ തെക്കുംകര, വടക്കാഞ്ചേരി മേഖലകൾ വെള്ളത്തിലാണ്. ഇന്നലെ മഴയ്ക്ക് ശമനം വന്നതോടെ വെള്ളമിറങ്ങിയെങ്കിലും നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധുവീടുകളിലുമാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും കോടികളുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്. ചേർപ്പ് എട്ടുമുന വൈക്കോൽ ചിറ കമാന്റാമുഖം പൊട്ടിയതോടെ പാറളം, ചേർപ്പ്, ചാഴൂർ പഞ്ചായത്തുകൾ വെള്ളക്കെട്ടിലാണ്.
മണ്ണിടിച്ചിടിൽ സാദ്ധ്യതയേറെ
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ടെന്ന് മുന്നറിയിപ്പ്. 2018ൽ പ്രളയ സമയത്തുണ്ടായ സ്ഥലങ്ങൾക്ക് പുറമേ മറ്റേതാനും സ്ഥലങ്ങളിൽ കൂടി മുന്നറിയിപ്പുണ്ട്. കുറാഞ്ചേരിയിൽ ഉൾപ്പെടെ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 20 സെന്റി മീറ്ററിൽ കൂടുതൽ മഴ 24 മണിക്കൂറിനുള്ളിൽ പെയ്താൽ മണ്ണിടിച്ചിൽ സാദ്ധ്യത കൂടും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിത ഇടങ്ങളിലേക്ക് മാറണം.
നഗരം തീരാ ദുരിതത്തിൽ
നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങൾ വെള്ളക്കെട്ടിലാണ്. പെരിങ്ങാവ്, പൂങ്കുന്നം, എം.എൽ.എ റോഡ്, പാമ്പൂർ, കുറ്റൂർ തുടങ്ങി നിരവധിയിടങ്ങളിൽ റോഡിൽ വെള്ളം കയറി. പലരും മണിക്കൂറുകളെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. പെരിങ്ങാവിൽ നിരവധി വീട്ടുകാരാണ് വെള്ളക്കെട്ടിൽ ദുരിതത്തിലായത്. പന്നിത്തടം കേച്ചേരി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ചൊവ്വാഴ്ച്ച പകൽ 8 മുതൽ ഇന്നലെ രാവിലെ എട്ട് വരെ
മഴ മില്ലി മീറ്റർ കണക്കിൽ
കുന്നംകുളം 80.4
കൊടുങ്ങല്ലൂർ 55
ഏനാമാക്കൽ 51
ചാലക്കുടി 47.2
ഇരിങ്ങാലക്കുട 44
വടക്കാഞ്ചേരി 33
വെള്ളാനിക്കര 32.1
കോർപ്പറേഷൻ പരിധിയിൽ മൂന്ന് ക്യാമ്പ്
കാലവർഷത്തിൽ കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിന്റെ ഭാഗമായി ഇന്നലെ ആരംഭിച്ച ഒമ്പത് ക്യാമ്പുകൾക്ക് പുറമേ ഒല്ലൂർ പനംകുറ്റിച്ചിറ സ്കൂൾ, അരണാട്ടുകര തരകൻസ് സ്കൂൾ, പൂങ്കുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ മൂന്ന് ക്യാമ്പുകൾ കൂടി ആരംഭിച്ചു. ക്യാമ്പുകളുടെ എണ്ണം 12 ആയി. നിലവിൽ ക്യാമ്പിൽ താമസിക്കുന്നവരുടെ എണ്ണം 1744 ആണ്.
വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ആശങ്കാജനമായ സാഹചര്യമില്ല. ആവശ്യമായ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ കേന്ദ്രമാരംഭിക്കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ക്യാമ്പുകളിൽ ആവശ്യമായ സൗകര്യം ഒരുക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിലേക്ക് എൻ.ഡി.ആർ.എഫിന്റെ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.
അർജ്ജുൻ പാണ്ഡ്യൻ
ജില്ലാ കളക്ടർ.