c
എട്ടുമന ഇല്ലിക്കൽ റെഗുലേറ്റർ മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിക്കുന്നു.

ചേർപ്പ് : കരുവന്നൂർ പുഴയ്ക്ക് കുറുകെയുള്ള ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കും. ജലമൊഴുക്കിന് തടസമായി നിൽക്കുന്ന ഇല്ലിക്കൽ ഡാമിലെ ചണ്ടിയും കുളവാഴകളും ക്രെയിൻ ഉപയോഗിച്ച് നീക്കാൻ തുടങ്ങി. റെഗുലേറ്ററിലെ ഷട്ടറുകൾ പൂർണമായി ഉയർത്താൻ ഡാം സന്ദർശിച്ച മന്ത്രി ഡോ. ആർ. ബിന്ദു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതേസമയം ഇല്ലിക്കൽ ഡാം ഷട്ടറുകൾ യഥാസമയം ഉയർത്താത്തതിനെതിരെ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നേരെ നാട്ടുകാർ രോഷകുലരായി. വാക്ക് തർക്കങ്ങൾക്ക് ഒടുവിൽ പരസ്പരം കലഹിക്കാതെ ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകി പ്രവർത്തനങ്ങൾ നടത്തുകയാണ് ഈ സാഹചര്യത്തിൽ വേണ്ടതെന്ന് മന്ത്രി പറഞ്ഞു. ചണ്ടിയും കുളവാഴയും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് കിടന്നിരുന്ന ഡാമും പ്രദേശങ്ങളും വൃത്തിയാക്കാൻ ഇക്കാലം വരെയും അധികൃതർ തുനിയാത്തതും നാട്ടുകാർ ചൂണ്ടിക്കാട്ടി. ചേർപ്പ് പഞ്ചായത്ത് അംഗങ്ങളായ അനിത അനിലൻ, ജയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന അക്ബർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഇല്ലിക്കൽ ഡാം ഷട്ടറുകൾക്ക് ശാസ്ത്രീയമായി രീതിയിൽ സംരക്ഷണം ഏർപ്പെടുത്തണമെന്ന് ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിരുത്തരവാദിത്വപരമായി മറുപടിയാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
- കെ.ആർ. സിദ്ധാർത്ഥൻ
(മുൻ ചേർപ്പ് പഞ്ചായത്ത് അംഗം)