വെള്ളത്തിന്റെ കുത്തൊഴുക്കിൽ ചേർപ്പ് വൈക്കോച്ചിറയിലെ കമാന്റാ മുഖം തകർന്ന നിലയിൽ.
ചേർപ്പ് : ശക്തമായ മഴവെള്ള കുത്തൊഴുക്കിൽ എട്ടുമന വൈക്കോച്ചിറ കമാന്റാ മുഖം തകർന്നു. കരുവന്നൂർ പുഴയിൽ നിന്ന് ഹെർബർട്ട് കനാലിലേക്ക് വെള്ളമെത്തുന്ന കോൺക്രീറ്റ് കഴയാണ് ഇന്നലെ രാവിലെ തകർന്നത്. ആളുകൾ നോക്കി നിൽക്കെയാണ് കമാന്റാ മുഖം തകർന്ന് വെള്ളമൊഴുക്ക് വർദ്ധിച്ചത്. ബണ്ടിന് സമീപത്തെ കോൺക്രീറ്റ് ചെയ്ത റോഡിന്റെ വശങ്ങളും ഭിത്തികളും തകർന്നു. 2018 ലുണ്ടായ പ്രളയത്തിന് സമാനമായി പ്രദേശത്തെ വീടുകളിലും റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ മുൻകരുതലായി പ്രദേശവാസികൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. കമാന്റാ മുഖം തകർന്നതോടെ കെട്ടിക്കിടന്നിരുന്ന ചണ്ടിയും കുളവാഴകളും പൊട്ടുച്ചിറ, ചിറക്കുഴി, ഭാഗങ്ങളിലേക്കും ശക്തമായി വ്യാപിച്ചൊഴുകി. ചേർപ്പ്, ചാഴൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് എട്ടുമന, വൈക്കോച്ചിറ കമാന്റാ മുഖ പ്രദേശങ്ങൾ.