മാള: കുഴൂർ പഞ്ചായത്തിന്റെ താഴ്ന്ന ഭാഗങ്ങളായ കുണ്ടൂർ, ആലമറ്റം, വയലാർ, ചെത്തിക്കോട്, തിരുത്ത, മുത്തുകുളങ്ങര, പെരിങ്ങണം തുടങ്ങിയ ഭാഗങ്ങളിൽ നിന്നായി നൂറിൽപരം ആളുകളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. കുണ്ടൂർ ഗവ. യു.പി സ്‌കൂളിലെ ക്യാമ്പിൽ 26 കുടുംബത്തിൽ നിന്നായി 76 പേരാണുള്ളത്. ഇവരിൽ 18 പേർ കുട്ടികളും 60 വയസ്സിന് മുകളിലുള്ള 9 പേരുമുണ്ട്. എരവത്തൂർ എൽ.പി സ്‌കൂളിലെ ക്യാമ്പിൽ 18 കുടുംബങ്ങളിൽ നിന്നായി 33 പേരാണുള്ളത്. കൂടാതെ നിരവധി വീട്ടുകാർ ബന്ധു വീടുകളിലേക്കും മറ്റും മാറിത്താമസിച്ചിട്ടുണ്ട്. കുണ്ടൂർ പുഴയിൽ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. ചുറ്റുമുള്ള പാടശേഖരങ്ങൾ പുല്ല് പിടിച്ചു കിടക്കുന്നത് കാരണം വെള്ളം ഇറങ്ങാൻ ബുദ്ധിമുട്ടുണ്ട്. അതേസമയം ഡാം ഇനിയും തുറക്കുമോ ആശങ്കയിലാണ് ക്യാമ്പിലുള്ളവർ.