sndp-union-office

പുതുക്കാട് : മഴ തെല്ലടങ്ങിയെങ്കിലും ദേശീയപാത പാലിയേക്കര മേൽപ്പാലത്തിന് താഴെയും നെന്മണിക്കര പഞ്ചായത്ത് ഓഫീസ് പരിസരവും പാലിയേക്കരയിലെ പഴയ ദേശീയപാതയും വെള്ളത്തിനടിയിൽ. മണലിപ്പുഴ കരകവിഞ്ഞൊഴുകി ടോൾ നൽകാതെ വാഹനങ്ങൾ പോകുന്ന മണലി മടവാക്കര റോഡിൽ പത്തടിയിലേറെ വെള്ളം ഉയർന്നു. ദേശീയപാതയുടെ മണ്ണുത്തി ബൈപ്പാസിന് ഇരുവശത്തുമുള്ള കാർ കമ്പനികളുടെ ഷോറൂം വെള്ളത്തിലായി. പാലിയേക്കര ചിറ്റിശേരി ചേന്ദംകുളങ്ങര ഭദ്രകാളി ക്ഷേത്രം, മണലി രാമപുരം ശ്രീരാമക്ഷേത്രം, പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും വെള്ളം കയറി.
പുലക്കാട്ടുക്കരയിലെ താഴ്ന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ച വെള്ളം കയറിയപ്പോഴും വലിയ ആശങ്കയുണ്ടായിരുന്നില്ല. എന്നാൽ ബുധനാഴ്ച വെളുപ്പിന് കേളിപ്പാടത്തും നെന്മണിക്കരയിലും വെള്ളം ഇരച്ചെത്തി. നെന്മണിക്കര ഗ്രാമത്തിൽ എം.കെ.എം സ്‌കൂൾ പരിസരത്തിന് ചുറ്റുവട്ടം മാത്രമാണ് വെള്ളം മുങ്ങാത്തതായുള്ളൂ. കേളിപാടം പൂർണ്ണമായും മുങ്ങി. നെന്മണിക്കരയിൽ വെള്ളം കയറിയ വീട്ടുകാരെ എം.കെ.എം യു.പി സ്‌കൂളിലേക്ക് രാത്രി തന്നെ മാറ്റി. കേളിപ്പാടത്തെ അറുപതോളം വീട്ടുകാരെ പുതുക്കാട് സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ആമ്പല്ലൂർ ജംഗ്ഷന് സമീപം വരന്തരപ്പിള്ളി റോഡിലും വെള്ളം കയറി. കല്ലൂർപ്പാടം വഴിയിലും വെള്ളം കയറി. പുതുക്കാട്, അളഗപ്പനഗർ, തൃക്കൂർ, വരന്തരപ്പിള്ളി മേഖലയിൽ 13 ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
പുതുക്കാട് എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് റോഡിലും പരിസരത്തും വെള്ളം കയറി. പരിസരത്തെ ആറ് വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി. എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് വരാന്ത വരെ വെള്ളമുയർന്നു. തലോർ ജെറുസലേം ധ്യാന കേന്ദ്രം വെള്ളത്തിൽ മുങ്ങി താമസിച്ച് ധ്യാനത്തിനെത്തിയവരെ ചൊവ്വാഴ്ച വിട്ടയച്ചതായി അധികൃതർ അറിയിച്ചു. പുരോഹിതരും ജീവനക്കാരും ഉൾപ്പെടെയുള്ള അഞ്ചോളം പേരെ ഇന്നലെ ഫയർഫോഴ്‌സെത്തി ഫൈബർ ബോട്ടിൽ ദേശീയ പാതയിലേക്കെത്തിച്ചു. പുലക്കാട്ടുക്കര മണലി, നെന്മണിക്കര എന്നിവിടങ്ങളിൽ വീടുകളിൽ കുടുങ്ങി കിടന്നവരെയും സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു.