തൃശൂർ : വയനാട്ടിലെ പ്രളയക്കെടുതിയിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങായി അഞ്ച് ലോഡ് അവശ്യവസ്തുകളുമായുള്ള സംഘം ദുരിതബാധിത പ്രദേശത്തേക്ക്. പിക്കപ്പ് ട്രക്കറിലും ടെമ്പോ ട്രാവലറിലും ജീപ്പുകളിലുമായാണ് സാമഗ്രികളുമായി സംഘം പുറപ്പെട്ടത്.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോൾ കളക്ടറേറ്റിലെ അനക്സ് ഹാളിൽ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയെത്തിക്കുന്നതിന് ആയിരങ്ങളാണ് പങ്കുചേർന്നത്. ചുരുങ്ങിയ സമയത്തിൽ ഒട്ടേറെ സംഭാവനകളെത്തി. വ്യത്യസ്തമേഖലയിലുള്ളവർ യജ്ഞത്തിന്റെ ഭാഗമായി. അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിറുത്തിയതായി കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടി സ്വീകരിക്കും. അരി, കുടിവെള്ളം, പായ്ക്ക് ചെയ്ത ഭക്ഷ്യസാമഗ്രികൾ, പുതിയ വസ്ത്രങ്ങൾ, പുതപ്പുകൾ, പായകൾ, തലയണകൾ, മറ്റ് അനുബന്ധ സാമഗ്രികൾ, ശുചീകരണ സാധനങ്ങൾ, സോപ്പ്, സോപ്പ് പൊടി, ബ്ലീച്ചിംഗ് പൗഡർ, ടൂത്ത് പേസ്റ്റ്, ബ്രഷ്, ബിസ്ക്കറ്റ്, റസ്ക്, സാനിറ്ററി നാപ്കിൻ, ടവൽ തുടങ്ങിയ സാമഗ്രികളാണ് കയറ്റി അയച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ സന്നിഹിതരായി.
സംഭാവന നൽകി
തൃശൂർ: സംസ്ഥാനത്തെ പ്രമുഖ കലാസാംസ്കാരിക, സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടെ വാട്സ് ആപ് കൂട്ടായ്മയായ ഞാറ്റുവേല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകി. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, കവി പി.എൻ.ഗോപീകൃഷ്ണൻ, പി.എസ്.ഷാനു, അഷ്റഫ് പേങ്ങാട്ടയിൽ എന്നിവരാണ് കളക്ടറേറ്റിലെത്തി കളക്ടർ അർജുൻ പാണ്ഡ്യന് തുക കൈമാറിയത്.