ചാലക്കുടി: മഴയ്ക്ക് ശമനമായെങ്കിലും കാടുകുറ്റി പഞ്ചായത്തിൽ ഉൾപ്പെടെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട്. ചാത്തൻചാൽ, ഗാന്ധി നഗർ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ചാലക്കുടി റെയിൽവേ അടിപ്പാതയിൽ നിന്നും ഇപ്പോഴും വെള്ളം പോയിട്ടില്ല. ചാലക്കുടി താലൂക്കിലെ 21 ക്യാമ്പുകളിൽ 1012 പേരാണ് കഴിയുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ആവശ്യമായ മരുന്നുകൾ നൽകുന്നുണ്ടെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു. ക്യാമ്പുകൾ എം.എൽ.എയും ചാലക്കുടി തഹസിൽദാർ പി.എം.അബ്ദുൾ മജിദും സന്ദർശിച്ചു.
മേലൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത പറഞ്ഞു. പുഴയിലെ ജലനിരപ്പ് 5.2 മീറ്ററായി കുറഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമിൽ അഞ്ച് ഷട്ടറുകളിൽ നിന്നായി 14 അടി വെള്ളം ചാലക്കുടിപ്പുഴയിലേയ്ക്ക് ഒഴുക്കുന്നു. ഒരു സ്ല്യൂയിസ് ഗേറ്റ് 18 അടി തുറന്നിരുന്നു.
ബുധനാഴ്ച വൈകിട്ട് 6ന്
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്
5.23 മീറ്റർ
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന്
8.23 മീറ്റർ.
പുഴയിലെ മുന്നറിയിപ്പ് അളവ്
7.10 മീറ്റർ
അപകട നില
8.10 മീറ്റർ
പ്രളയത്തിൽ ഉയർന്ന വെള്ളം
10.57 മീറ്റർ
കൃഷി വകുപ്പ് കണ്ട്രോള് റൂം
തൃശൂർ: കനത്ത മഴ മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്താനും ബന്ധപ്പെട്ട പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കാനും കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കൺട്രോൾ റൂം തുറന്നു. ഫോൺ: 9446549273, 9383473242.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴയും കാറ്റും തുടരുന്നതിനാലും പല സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്നും ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
6636 പേർ ക്യാമ്പിൽ
124 ദുരിതാശ്വാസ ക്യാമ്പുകൾ
കുടുംബങ്ങൾ 2364
സ്ത്രീകൾ 2727
കുട്ടികൾ 1046
ആറ് താലൂക്കിലായി ക്യാമ്പ്
ചാലക്കുടി 27 - 1041 പേർ
മുകുന്ദപുരം 15- 1183
തൃശൂർ 40- 2761
തലപ്പിള്ളി 23- 815
ചാവക്കാട് 9- 439
കുന്നംകുളം 10 - 383