പാവറട്ടി: മണലൂർ നിയോജക മണ്ഡലം ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. മണലൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25,000 രൂപ വീതം വില്ലേജ് ഓഫീസർമാർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും പഞ്ചായത്തുകൾക്ക് തനതുഫണ്ടിൽ നിന്നും തുക ചെലവാക്കുന്നതിൽ തീരുമാനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു.
വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഇല്ലാത്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇന്റർനെറ്റ് സൗകര്യം തടസപ്പെടാതെ ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ നല്ല ജാഗ്രത കാണിക്കണമെന്നും നിർദേശം ഉയർന്നു. പെരുവല്ലൂർ ക്വാറിയിലെ വെള്ളക്കെട്ട് ഇല്ലാതാക്കാൻ അടിയന്തരമായി മോട്ടോർ കൊണ്ടുവരാൻ മുല്ലശ്ശേരി ജെ.എസിനോട് നിർദ്ദേശിച്ചു. വാടാനപ്പളളി, അരിമ്പൂർ, മുല്ലശ്ശേരി, എളവള്ളി, കണ്ടാണശ്ശേരി, ചൂണ്ടൽ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 200ലധികം പേർ ഇവിടെയുണ്ട്.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലെതി വേണുഗോപാൽ, കെ.കെ. ശശിധരൻ, കെ.സി. പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത അജയകുമാർ, സൈമൺ തെക്കത്ത്, ശാന്തി ഭാസി, കൊച്ചപ്പൻ, എം.എം. റജീന, മിനി ജയൻ, ഗുരുവായൂർ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത് കുമാർ, എ.സി.പി സിനോജ് തുടങ്ങിയവർ പങ്കെടുത്തു.