dulquer

കൽക്കി 2898 എ.ഡിക്കു ശേഷം വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ. പവൻ സദിനെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലായ് 28ന് ഉണ്ടാകും. വൈജയന്തി മുവീസിന്റെ ബാനറിൽ ഡി. അശ്വിനി ദത്താണ് നിർമ്മാണം. വൈജയന്തി മുവീസും ദുൽഖർ സൽമാനും കൈകോർക്കുന്ന നാലാമത്തെ ചിത്രമാണ്. സീതാരാമം, മഹാനടി, കൽക്കി 2898 എഡി എന്നിവയാണ് മറ്റു ചിത്രങ്ങൾ. മഹാനടിയിലൂടെയാണ് ദുൽഖർ തെലുങ്ക് അരങ്ങേറ്റം നടത്തുന്നത്. സീതാരാമം ചരിത്രവിജയം ആണ് നേടിയത്.

വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കർ ആണ് തെലുങ്കിൽ ദുൽഖറിന്റെ അടുത്ത റിലീസ്, മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. സെപ്റ്റംബർ 27ന് ചിത്രം റിലീസ് ചെയ്യും. സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് .
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം എത്തുന്നുണ്ട്.