1

വിഴിഞ്ഞം: മഴയിൽ വിഴിഞ്ഞം പ്രദേശത്തെ മുക്കുന്ന ഗംഗയാർ തോടിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി. പായലും ചെടികളും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കി ആഴം കൂട്ടി. ഇതോടെ ഒഴുക്ക് സുഗമമായി. രണ്ടു വർഷം മുമ്പ് മഴയിൽ തോട് കരകവിഞ്ഞ് ഫിഷ്‌ലാൻഡിംഗ് ഏരിയാ ഉൾപ്പെടെയുള്ള സ്ഥലത്ത് വെള്ളക്കെട്ടുണ്ടായിരുന്നു. തോടിനു കുറുകെ ഉണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാതകൾ പൊളിച്ചുമാറ്റിയാണ് അന്ന് വെള്ളം ഒഴുക്കിക്കളഞ്ഞത്. 1.15 കോടി ചെലവിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസിൽ) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

പകർച്ചവ്യാധി ഭീഷണിയും ഒഴിഞ്ഞു

പള്ളിച്ചൽ മുതൽ രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തിനു സമീപത്തെ കടൽ വരെയാണ് തോട് ഒഴുകുന്നത്. തോടിന്റെ വശങ്ങളിലെ കോൺക്രീറ്റ് ഭിത്തിയുടെ ഉയരവും കൂട്ടി. ഈ സ്ഥലത്തു സ്ഥാപിച്ചിരുന്ന കടകൾ മാറ്റി സ്ഥാപിച്ചു. വിഴിഞ്ഞം ഭാഗത്താണ് തോടിന്റെ ഒഴുക്ക് തടസപ്പെട്ടിരുന്നത്. മാലിന്യം മൂടിക്കിടന്ന തോട് പകർച്ചവ്യാധി ഭീഷണി ഉൾപ്പെടെ പ്രദേശത്ത് ഉയർത്തിയിരുന്നു. മഴക്കാലത്ത് നടത്തിയിരുന്ന മഴക്കാല പൂർവ ശുചീകരണം നിലച്ചതാണ് തോടിന്റെ ഒഴുക്ക് നിലയ്ക്കാൻ കാരണമായത്.

പ്രധാന ജലാശയം
വേനലിൽ ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് ഈ തോടിനെയാണ്. ജലക്ഷാമം രൂക്ഷമായ തീരദേശത്ത് പ്രദേശവാസികൾ വസ്ത്രങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്. വിഴിഞ്ഞം പഴയപാലത്തിനു സമീപം വരെ നിലവിൽ കുളിക്കടവുകൾ ഉണ്ട്. അതിനുശേഷം വരുന്ന ഭാഗം പായൽ മൂടിയ അവസ്ഥയിലായിരുന്നു. അവയും പൂർണമായി മാറ്റി.

പദ്ധതിച്ചെലവ്: 1.15 കോടി