തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഇടപാടുകൾക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും 500 എ.ടി.എം കൗണ്ടറുകളും സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നതായി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. സഹകരണമേഖലയിൽ വ്യവസായപാർക്കുകൾ ആരംഭിക്കാനുള്ള നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള കരട് ചട്ടം പരിശോധിക്കുകയാണ്. സഹകരണ സംഘങ്ങളുടെ കൺസോർഷ്യങ്ങളിലൂടെ എല്ലാ ജില്ലകളിലും സഹകരണമേഖലയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കും. അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്ന സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് കൺസോർഷ്യം രൂപീകരിച്ചോ സ്വന്തമായോ ഇത്തരം പ്രവൃത്തി ഏറ്റെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.