s

തിരുവനന്തപുരം: കരമന - കളിയിക്കാവിള ദേശീയപാതയിലെ 'സർപ്രൈസ് കുഴികൾ' യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തുന്നു. നീറമൺകരയ്ക്കും കിള്ളിപ്പാലത്തിനുമിടയിൽ കരമന പാലത്തിനും പി.ആ‍ർ.എസ് ആശുപത്രിക്ക് സമീപത്തുമായാണ് നടുറോഡിലായി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴിയുടെ ആഴമറിയാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടും. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലാണ് ഈ ദുരവസ്ഥ. അപകടങ്ങളും സ്ഥിരംസംഭവം. ഗതാഗതക്കുരുക്കും രൂക്ഷം.

മാസങ്ങൾക്കുമുമ്പ് കരമന പാലം ടാർ ചെയ്തെങ്കിലും പൂർണമായിരുന്നില്ല. പാലത്തിന്റെ ഒരു ഭാഗം മാത്രമാണ് അന്ന് ടാർ ചെയ്തത്. അതും ഭാഗികമായി. നിലവിൽ രാത്രികാലങ്ങളിൽ ദേശീയ പാതയിലെ ഈ മേഖലയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സുരക്ഷാ വേലികൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. കരമന പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതും യാത്രക്കാർക്ക് വെല്ലുവിളിയാണ്. ഇതും അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. ഇരുട്ട് നിറഞ്ഞ പാതയും വളവിലായുള്ള കുഴികളുമാണ് ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവരെ അപകടത്തിലാക്കുന്നത്.

ട്രാഫിക് സിഗ്നലില്ല

കരമന കൽപ്പാളയം ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകളില്ലാത്തത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പാപ്പനംകോട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ പൂജപ്പുര ഭാഗത്തേക്ക് പോകാൻ ഈ ജംഗ്ഷനിൽ നിന്നുള്ള ഇടറോഡാണ് ഉപയോഗിക്കുന്നത്. ദേശീയപാതയിൽ നിന്ന് റോഡ് മുറിച്ചുകടന്നാണ് പാപ്പനംകോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഈ റോഡിലേക്ക് തിരിയുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കാറുണ്ടെങ്കിലും എപ്പോഴും ഇവരുടെ സേവനം ലഭ്യമല്ല. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ ഇടറോഡിലേക്ക് തിരിയുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങളേറെയും സംഭവിക്കുന്നത്.

പ്രധാന പാത

തിരുവനന്തപുരം നഗരത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കരമന - കളിയിക്കാവിള ദേശീയപാത. കേരള,​ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നത് ഇതുവഴിയാണ്. കഴക്കൂട്ടം- കാരോട് ബൈപ്പാസ് തുറന്നെങ്കിലും നഗരത്തിൽ നിന്നുള്ള യാത്രക്കാർ ആശ്രയിക്കുന്നത് ഈ വഴിയാണ്. നിലവിൽ ബാലരാമപുരം കൊടിനട വരെയുള്ള നാലുവരിപ്പാത യാഥാർത്ഥ്യമായി.