തിരുവനന്തപുരം: സി.പി.എമ്മിന്റെ തെറ്റു തിരുത്തൽ രേഖ ജലരേഖയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി.അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാർട്ടിയാണിത്. ഓരോ തിരഞ്ഞെടുപ്പ് തോൽവിയിലും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റു തിരുത്തൽ രേഖയെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കും. പൂർവാധികം ശക്തിയോടെ തെറ്റുകളിൽ മുഴുകാനുള്ള മറയാണ് തിരുത്തൽ രേഖകളെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു..
മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് എഴുതിയ തെറ്റു തിരുത്തൽ രേഖയിലെ മഷി ഉണങ്ങും മുമ്പാണ് തിരുവല്ലയിൽ പീഡനക്കേസ് പ്രതിയെ സിപിഎം തിരിച്ചെടുത്തത്. ക്വട്ടേഷൻകാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പറയുന്നതിനിടയ്ക്കാണ് കണ്ണൂർ പെരിങ്ങോമിൽ ഡിവൈഎഫ്‌ഐ നേതാവ് സജേഷിനെ പുറത്താക്കിയത്. സ്വർണം തട്ടിയെടുക്കൽ സംഘത്തലവനായ അർജുൻ ആയങ്കിയുടെ അനുയായിയായ ഇയാളെ ഇത്രയും കാലം പാർട്ടി സംരക്ഷിക്കുകയായിരുന്നുവെന്നും സുധാകരൻ ആരോപിച്ചു.