തിരുവനന്തപുരം: ഡോക്ടർമാരുടെ ജോലികൾ അടുത്തറിയാനും പ്രചോദനം നൽകുന്നതിനുമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷാഡോ ഡോക്ടർ പദ്ധതി നൽകി എസ്.പി മെഡിഫോർട്ട് ഹോസ്പിറ്റലിന്റെ ഡോക്ടേഴ്സ് ദിനാചരണം. രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തുകാരൻ ഡോ.ഗണേഷ് ബരയ്യയായിരുന്നു മുഖ്യാതിഥി. ഷാഡോ ഡോക്ടർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 200ഓളം വിദ്യാർത്ഥികളാണ് ഡോക്ടർ വേഷത്തിൽ ഒരു ദിവസം ആശുപത്രിയിൽ ചെലവിട്ട് ചികിത്സാമുറകളും രോഗീപരിചരണവും ഡോക്ടർമാരുടെ ദൈനംദിന പ്രവർത്തനങ്ങളും നേരിട്ടറിഞ്ഞത്.
ഷാഡോ ഡോക്ടർ പരിപാടി രണ്ടാം തവണയാണ് ഈ ആശുപത്രിയിൽ നടത്തുന്നത്.എസ്.പി മെഡിഫോർട്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്.പി.അശോകൻ,എസ്.പി മെഡിഫോർട്ട് ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി.സുബ്രഹ്മണ്യൻ,ഐ.എം.എ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണൻ,ഇൻകെൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.കെ.ഇളങ്കോവൻ എന്നിവർ പങ്കെടുത്തു.