30

ഉദിയൻകുളങ്ങര: പെൻഷണേഴ്സിനെയും സർക്കാർ ജീവനക്കാരെയും സർക്കാർ അവഗണിക്കുന്നു എന്നാരോപിച്ച് ഇന്നലെ പാറശാല ട്രഷറിക്ക് മുന്നിൽ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.

ധർണ സെക്രട്ടേറിയറ്റ് അംഗം സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജെ.ടി.പി ജോസ് അദ്ധ്യക്ഷനായി. പ്രഭാകരൻ തമ്പി, സത്യനേശൻ, ശശികുമാരൻ നായർ, രാജേന്ദ്രൻ, യേശുദാനം തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.

പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം 19 ശതമാനം അനുവദിക്കുക, പെൻഷൻ പരിഷ്‌കരണ കുടിശികകൾ ഉടൻ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മഴയെ അവഗണിച്ചാണ് പ്രതിഷേധക്കാർ സംഘടിച്ചത്.