തിരുവനന്തരപുരം: കേരള മോഡൽ വികസിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കേരളത്തിലെ സിവിൽ സർവീസ് ജീവനക്കാരെ ശത്രുപക്ഷത്ത് നിറുത്തരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാർച്ചും ധർണയും സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പളപരിഷ്‌കരണം അടിയന്തരമായി നടത്തുക, കുടിശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എസ്.സുധികുമാർ, കെ.എൽ.സോയ, ഷാജഹാൻ, പി.ശ്രീകുമാർ, വിനോദ് വി.നമ്പൂതിരി, സതീഷ് കണ്ടല, വി.കെ.മധു, ആർ.സിന്ധു, ബീനാഭദ്രൻ, വി.ബാലകൃഷ്ണൻ, യു.സിന്ധു, വി.ശശികല, ജി.സജീബ്കുമാർ, എസ്.അജയകുമാർ, മറിയ എം.ബേബി, ആർ.സരിത, ആർ.കലാധരൻ, എസ്.ജയരാജ്, ആർ.എസ്.സജീവ്, സി.രാജീവ് എന്നിവർ പങ്കെടുത്തു.