photo

നെടുമങ്ങാട്: അപകടാവസ്ഥയിലായ അങ്കണവാടി രക്ഷാകർത്താക്കളുടെ പ്രതിഷേധത്തിനൊടുവിൽ അടച്ചിട്ടു. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്ത്കോണം അങ്കണവാടിയാണ് പൂട്ടിയത്. തകരഷീറ്റ് മേഞ്ഞ ഈ ഒറ്റമുറി അങ്കണവാടിയിൽ പതിനഞ്ചോളം കുരുന്നുകളാണുള്ളത്. തൊഴുത്തിന് സമാനമായ മുറി ഏറെനാളായി ചോർന്നൊലിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും കുട്ടികളുടെ മുകളിലേക്ക് മേൽക്കൂര തകർന്നു വീഴുമെന്ന സാഹചര്യത്തിലാണ് അങ്കണവാടി പ്രവർത്തനം നിറുത്തിയത്. കെട്ടിടം നിർമ്മിക്കാൻ മൂന്ന് സെന്റോളം സ്ഥലം സ്ഥലവാസിയായ ഒരാൾ സൗജന്യമായി നൽകിയെങ്കിലും ബന്ധപ്പെട്ടവർ നടപടിയൊന്നുമെടുക്കുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. ശിശുക്ഷേമ വകുപ്പിന് പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽപ്പെട്ട അങ്കണവാടിയാണ്.അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പഞ്ചായത്ത് പടിക്കൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് കരകുളം മണ്ഡലം പ്രസിഡന്റ് ഗോകുൽ കൊടൂർ പറഞ്ഞു.