bank

തിരുവനന്തപുരം:20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികൾ താൽക്കാലികമായി നിറുത്തി വയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ഇന്നലെ റവന്യു മന്ത്രി കെ.രാജൻ നിയമസഭയിൽ അവതരിപ്പിച്ചു.

മനസാക്ഷിയില്ലാത്ത ജപ്തി നടപടിക്കിരയായി ആത്മഹത്യ വരെ ചെയ്യുന്ന ദയനീയ സാഹചര്യം ഒഴിവാക്കാൻ സർക്കാരിന് അവസരവും, , നിസ്സാഹായരായ പാവപ്പെട്ടവർക്ക് ആശ്വാസവും നൽകാൻ കഴിയുമെന്നതാണ് നിയമഭേദഗതിയുടെ സവിശേഷത. റവന്യൂ, ധന വകുപ്പുകളുടെ നിർദേശമടങ്ങിയ റവന്യൂ റിക്കവറി ബില്ല് കേരള നികുതി വസൂലാക്കാൻ ഭേദഗതി നിയമമെന്ന പേരിലാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

ജപ്തി നടപടിക്കിട വരുത്തുന്ന വായ്പാകുടിശികയിൽ കാൽ ലക്ഷം വരെതഹസിൽദാർക്കും, ഒരു ലക്ഷം വരെ ജില്ലാകളക്ടർക്കും അഞ്ചു ലക്ഷം വരെ റവന്യൂ മന്ത്രിക്കും 10 ലക്ഷം വരെ ധനമന്ത്രിക്കും 20 ലക്ഷം വരെ മുഖ്യമന്ത്രിക്കും അതിന് മുകളിലുള്ള തുകയ്ക്ക് സംസ്ഥാന സർക്കാരിനും ഇടപെട്ട് ജപ്തി നടപടി താൽക്കാലികമായി നിറുത്തി വയ്ക്കാൻ നിയമ ഭേദഗതി അധികാരം നൽകുന്നു.സഹകരണ, ദേശസാത്കൃത, ഷെഡ്യൂൾഡ്, കോമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാറിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാം. എന്നാൽ, വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന 'സർഫാസി ആക്ട്' പ്രകാരമുള്ള ജപ്തിയിൽ ഇടപെടാനാവില്ല.

പുതിയ നിയമം വരുന്നതോടെ റവന്യൂ റിക്കവറി പ്രകാരമുള്ള ജപ്തി നടപടികൾ നീട്ടി വയാക്കാനും കൂടുതൽ ഗഡുക്കളായി വായ്പാതുക തിരിച്ചയ്ടക്കാനും സാവകാശം

ലഭിക്കും. നേരത്തെ തഹസിൽദാർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് വായ്പാ തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാൻ കഴിയുമായിരുന്നു. എന്നാൽ, ജപ്തി നീട്ടി വയ്ക്കാൻ പറ്റില്ലായിരുന്നു.ഇക്കാര്യത്തിൽ റവന്യൂ,ധനമന്ത്രിമാർ ഇറക്കിയ ഉത്തരവ് ബാങ്കുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇല്ലാത്ത നിയമത്തിന്റെ പേരിൽ ജപ്തി നടപടി ഒഴിവാക്കാൻ ഇടപെടരുതെന്ന് നിർദേശിച്ച കോടതി, ആവശ്യമെങ്കിൽ നിയമം നിർമിക്കാൻ സർക്കാറിനോട് നിർദേശിച്ചു. അപ്പീൽ സമർപ്പിച്ചെങ്കിലും ഇതും തള്ളിയിരുന്നു.

സവിശേഷതകൾ

□പുതിയ നിയമത്തിൽ, ജപ്തി നടപടി തടയാനാകുമെന്ന് മാത്രമല്ല പിഴപ്പലിശയുൾപ്പെടെ 12%ൽ നിന്ന് 9% ആയി കുറയ്ക്കാനും ഗഡുക്കളായി തിരിച്ചടക്കാനും കഴിയും.

□ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വിൽപന നടത്താൻ ഉടമയ്ക്ക് അവസരം .വാങ്ങുന്നയാളും വിൽക്കുന്നയാളും ചേർന്ന് നിശ്ചിതഫോറത്തിൽ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയാൻ വിൽപന രജിസ്റ്റർ ചെയ്യാനാകും.

□ ജപ്തി ചെയ്യപ്പെട്ട ഭൂമി അഞ്ചു വർഷത്തിനുള്ളിൽ തുക ഒരുമിച്ചോ,ഗഡുക്കളായോ അടച്ച് ഉടമയ്ക്ക് തിരിച്ചെടുക്കാം.

ഇത്തരം സാഹചര്യത്തിൽ വസ്തു ഉടമ മരണപ്പെട്ടാൻ അവകാശികൾക്ക് ഭൂമി തിരികെയെടുക്കാൻ അവസരം നൽകുന്ന വ്യവസ്ഥയും ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.